വെറ്റില വെറും ഒരു ഇലയല്ല.
അറിയുംതോറും മൂല്യമേറിടുന്ന ഒരു ഔഷധം കൂടിയാണ്....
സംസ്കൃതത്തിൽ നാഗവല്ലരി എന്നും സപ്തശിര എന്നും പേരുള്ള വെറ്റിലയുടെ ജൻമദേശം ഭാരതമാണ്. എല്ലാ മംഗളകാര്യങ്ങൾക്കും ഭാരതീയർക്ക് വെറ്റില കൂടിയേതീരൂ. വെറ്റില ഏറെ ഔഷധഗുണമുള്ളതാണ്, പാക്കും ചുണ്ണാമ്പും പുകയിലയും ഒന്നും കൂടെ കൂടരുതെന്നു മാത്രം.
വെറ്റിലയിൽ ജീവകം സി, തയാമിൻ, നിയാസിൻ, റൈബോഫ്ലേവിൻ, കരോട്ടിൻ എന്നിവ അടങ്ങിയിട്ടുണ്ട്. കാൽസ്യം ധാരാളം അടങ്ങിയിട്ടുള്ള വെറ്റിലയുടെ ഔഷധഗുണങ്ങൾ ഇതാ...
നല്ലൊരു വേദനസംഹാരിയാണ് വെറ്റില. വെറ്റില അരച്ച് വേദനയുള്ള ഭാഗത്തു പുരട്ടുക. വേദനയ്ക്കു ശമനം ലഭിക്കും. വെറ്റില ചവച്ചു നീരിറക്കുക. ഉള്ളിലുള്ള വേദയനയ്ക്ക് ആശ്വാസമേകും. മുറിവിൽ വെറ്റില വച്ച ശേഷം ബാൻഡേജിട്ടാൽ മുറിവ് വേഗം ഉണങ്ങും.
വെറ്റിലയിൽ ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഫ്രീറാഡിക്കലുകളെ ഇല്ലാതാക്കുന്നു. പി.എച്ച് ലെവൽ സാധാരണ നിലയിലാക്കി ഉദരപ്രശ്നങ്ങൾ പരിഹരിക്കുന്നു. ദിവസവും വെറുംവയറ്റിൽ വെറ്റില നീരു കുടിക്കുന്നത് മലബന്ധം അകറ്റും. കുറച്ച് വെള്ളം ചേർത്ത് വെറ്റില ചതയ്ക്കുക. ഈ വെള്ളം ഒരു രാത്രി വയ്ക്കുക. പിറ്റേന്നു രാവിലെ വെറും വയറ്റിൽ ഇതു കുടിക്കുക. വെറ്റിലയുടെ തണ്ട് ആവണക്കണ്ണയിൽ മുക്കി സപ്പോസിറ്ററി ആക്കി മലദ്വാരത്തിൽ വച്ചാൽ കുഞ്ഞുങ്ങളുടെ മലം കട്ടിയായി പോകുന്ന ബുദ്ധിമുട്ട് അകറ്റാം.
വെറ്റില ദഹനത്തിനു സഹായകമാണ്. ഉച്ചഭക്ഷണ ശേഷം വെറ്റില ചവയ്ക്കുന്നതു മുൻപു സാധാരണയായിരുന്നു. കുട്ടികളിലെ ദഹനക്കേടു മാറാൻ വെള്ളത്തിൽ വെറ്റിലയും കുറച്ച് കുരുമുളകും ഇട്ടു തിളപ്പിക്കുക. ഈ വെള്ളം അരിച്ച് രണ്ടു ടീസ്പൂൺ ദിവസവും രണ്ടു നേരം കുഞ്ഞുങ്ങൾക്കു കൊടുത്താൽ മതി.
ശരീരത്തിന്റെ ഉപാപചയ പ്രവർത്തനം വർധിപ്പിക്കാനും വെറ്റില ഉത്തമമാണ്. രക്തചംക്രമണം കൂട്ടി ധാതുക്കളുടെയും പോഷകങ്ങളുടെയും ആഗിരണം സുഗമമാക്കുന്നു. ശരീരത്തിൽ നിന്നു വളരെ വേഗം മാലിന്യം നീക്കം ചെയ്യപ്പെടുന്നു. വെറ്റിലയുടെ പതിവായ ഉപയോഗം ഉദരവേദനയും അസിഡിറ്റിയും കുറയ്ക്കുന്നു.
വിശപ്പു കൂട്ടാനും വെറ്റില സഹായിക്കുന്നു. വെറ്റില വിശപ്പിന്റെ ഹോർമോണുകളെ ഉദ്ദീപിപ്പിക്കുന്നു. അതുകൊണ്ടു തന്നെ വിശപ്പു കൂട്ടി ആരോഗ്യം നൽകുന്നു.
ശ്വാസത്തെ റിഫ്രഷ് ആക്കാൻ വെറ്റില സഹായിക്കും. കൂടാതെ വായിലെ അണുക്കൾ, ബാക്ടീരിയ മുതലായവയെ തടയുന്നു. വെറ്റില ചവയ്ക്കുന്നത് വായയെ ശുചിയാക്കുന്നു, പല്ലുകളുടെ നാശം തടയുന്നു, മോണകളെ ശക്തമാക്കുന്നു.
ഒരു കപ്പ് ചൂടുവെള്ളത്തിൽ വെറ്റിലചാർ ചേർത്ത് രാവിലെയും വൈകിട്ടും കവിൾകൊള്ളുന്നത് നല്ലതാണ്. കുറച്ചു വെറ്റിലയിട്ടു തിളപ്പിച്ച വെള്ളവും ഇതിനുപയോഗിക്കാം.
ശ്വസന പ്രശ്നങ്ങൾക്കും വെറ്റില നല്ലതുതന്നെ. ചുമയും ജലദോഷവും മാറ്റുന്നു. ആസ്ത്മയ്ക്കും വെറ്റില ആശ്വാസമേകുന്നു. വെറ്റിലയിൽ കടുകെണ്ണ തേയ്ക്കുക, ഇതു ചൂടാക്കി നെഞ്ചിൽ വച്ചാൽ ശ്വാസംമുട്ടൽ കുറയും. കൂടാതെ ഏലയ്ക്ക, ഗ്രാമ്പു, പട്ട, വെറ്റില ഇവ രണ്ടു കപ്പ് വെള്ളത്തിൽ ചേർത്ത് തിളപ്പിച്ച് ഒന്നര കപ്പ് ആക്കുക. ഇത് അരിച്ച് ദിവസം മൂന്നു നേരം കുടിച്ചാൽ ആശ്വാസം ലഭിക്കും.
ചുമയ്ക്കും വെറ്റില ആശ്വാസമേകും. വെറ്റിലയിൽ ആന്റിബയോട്ടിക്കുകളുടെ ഗുണമുണ്ട്. ഇതു ചുമ മൂലമുണ്ടാകുന്ന ഇൻഫ്ലമേഷൻ കുറയ്ക്കുന്നു. വെറ്റില ഒരു കഫ്സിറപ് ആയി ഉപയോഗിക്കാം. വെറ്റില വെള്ളത്തിലിട്ടു തിളപ്പിക്കുക. ഏലക്കായും കറുവാപ്പട്ടയും ഇടുക. ഇതു ദിവസം മൂന്നു തവണ കുടിക്കുക. കുറച്ചു ദിവസം ഉപയോഗിച്ചാൽ ചുമ പമ്പ കടക്കും. വെറ്റില ബ്രോങ്കൈറ്റിസിനും ഉത്തമപ്രതിവിധിയാണ്.
വെറ്റില നല്ലൊരു ആന്റിസെപ്റ്റിക് കൂടിയാകുന്നു. പോളിഫിനോളുകൾ ഇതിലടങ്ങിയിട്ടുണ്ട്. ഇത് അണുക്കളിൽ നിന്നും സംരക്ഷിക്കുന്നു.
പുറംവേദന കൊണ്ട് വിഷമിക്കുന്നവർക്കും വെറ്റില ആശ്വാസമേകുന്നു. വെറ്റിലനീര് വെളിച്ചെണ്ണയിൽ ചാലിച്ച് വേദനയുള്ളിടത്തു പുരട്ടിയാൽ ആശ്വാസം ലഭിക്കും. പേശീവേദനയ്ക്കും നീർക്കെട്ടിനുമെല്ലാം വെറ്റിലയെണ്ണ തടവുന്നത് നല്ലതാണ്.
വെറ്റിലയിൽ അടങ്ങിയ ചില ഘടകങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കുന്നു. അതിനാൽ പ്രമേഹ ചികിത്സയിലും വെറ്റില ഉപയോഗിക്കുന്നുണ്ട്. ഇത് നല്ലൊരു ഡൈയൂറെറ്റിക് ആണ്. ഒരു വെറ്റില ചതച്ച് നീരെടുക്കുക. ഇതു കുറച്ചു നേർപ്പിച്ച പാലിൽ ചേർത്തു കഴിക്കുക. ശരീരത്തിൽ ജലാംശം നിലനിർത്താൻ ഇതു സഹായിക്കുന്നു. മൂത്രതടസം മാറാനും ഉത്തമമാണ്.
ഒരുടീസ്പൂൺ വെറ്റില നീരിൽ തേൻ ചേർത്താൽ ഒരു ടോണിക് ആയി. ദിവസം രണ്ടുനേരം ഇതു കഴിച്ചാൽ ഉൻമേഷം ലഭിക്കും. ഉദ്ധാരണ പ്രശ്നങ്ങൾക്കും വെറ്റില ഒരു പ്രതിവിധിയാണ്. തലവേദന അകറ്റാൻ വെറ്റിലനീര് നെറ്റിയിൽ പുരട്ടിയാൽ മതി.
ചർമരോഗങ്ങൾക്കും വെറ്റില ഗുണം ചെയ്യും. അലർജികൾ, ചൊറിച്ചിൽ, വ്രണങ്ങൾ, ശരീര ദുർഗന്ധം ഇവയ്ക്കെല്ലാം വെറ്റിലയുടെ ആന്റിമൈക്രോബിയൽ ഗുണങ്ങൾ ആശ്വാസം തരും. കുറച്ച് വെറ്റില ചതച്ചതിൽ മഞ്ഞൾ ചേർത്ത് വേദനയോ അലർജിയോ ഉള്ളിടത്ത് പുരട്ടിയാൽ നല്ലത്. വെറ്റിലയിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് മുഖം കഴുകുന്നതും നല്ലതാണ്.
ചെവിവേദനയ്ക്കും വെറ്റില ആശ്വാസം നൽകും. വെറ്റിലനീര് വെളിച്ചെണ്ണ ചേർത്ത് രണ്ടു തുള്ളി ചെവിയിൽ ഇറ്റിച്ചാൽ പെട്ടെന്ന് ചെവിവേദന കുറയുമത്രേ. യോനീഭാഗത്തുണ്ടാകുന്ന ചൊറിച്ചിലിനും യോനീസ്രവങ്ങൾക്കും പരിഹാരമാകുന്ന വീട്ടുമരുന്നാണ് വെറ്റില. വെറ്റില ഇട്ട് തിളപ്പിച്ച വെള്ളം കൊണ്ട് കഴുകുന്നത് ശരീരത്തെ ശുചിത്വമുള്ളതാക്കുന്നു.
കുളിക്കുന്ന വെള്ളത്തിൽ വെറ്റിലച്ചാർ ചേർത്ത് കുളിച്ചാൽ ദിവസം മുഴുവൻ ഉൻമേഷത്തോടെ ഇരിക്കാം. അധികം മൂക്കാത്ത വെറ്റില ഉപയോഗിക്കാൻ ശ്രദ്ധിക്കണം.
എന്തിനും ഒരു മറുവശം ഉണ്ടെന്നു പറയുന്നതു പോലെ വെറ്റിലയ്ക്കുമുണ്ട് ദോഷവശവും. വെറ്റില അമിതമായ ചവയ്ക്കുന്നത് രസമുകുളങ്ങൾ നശിക്കാൻ കാരണമാക്കുന്നുണ്ട്. അതുപോലെ മൈഗ്രേൻ, മാനസിക പ്രശ്നങ്ങൾ, ടിബി, കുടൽവ്രണം, ചുഴലി രോഗം ഇവയുള്ളവർ വെറ്റില ഉപയോഗിക്കാൻ പാടില്ല എന്നതും ശ്രദ്ധിക്കണം.
സുഗന്ധമുള്ള ഈ വള്ളിച്ചെടിയെ നിങ്ങളുടെ പൂന്തോട്ടത്തിന് അലങ്കാരമാക്കാൻ ഇനി വൈകേണ്ട, വെറ്റിലയിൽ നിന്നു ഗുണഫലങ്ങൾ അനുഭവിക്കാനും........
No comments:
Post a Comment