*ശ്രീരാമകൃഷ്ണവചനാമൃതം*
ഒരു കാട്ടിൽ ഒരു താപസൻ പാർത്തിരുന്നു. അദ്ദേഹത്തിന് അനേകം ശിഷ്യന്മാരുണ്ട്. 'സർവ്വഭൂതങ്ങളിലും നാരായണൻ സന്നിധാനം ചെയ്യുന്നു; ഇതറിഞ്ഞ് സകലരേയും നമസ്ക്കരിക്കണം' എന്ന് ഒരു ദിവസം അദ്ദേഹം ശിഷ്യന്മാർക്ക് ഉപദേശം നല്കി. ഒരുനാൾ ഹോമത്തിനു ചമത ശേഖരിക്കുന്നതിന് ഒരു ശിഷ്യൻ വനത്തിൽ പോയി. അപ്പോഴൊരു ഒച്ചകേട്ടു, ' വഴിയിലാരെങ്കിലും ഉണ്ടെങ്കിൽ, ഓടി മാറുവിൻ, ഒരു ഭ്രാന്തനാന വരുന്നു!' എല്ലാവരും ഓടി; ശിഷ്യൻ മാത്രം അനങ്ങിയില്ല. ആനയിലും നാരായണനുണ്ടെന്ന് അയാൾക്കറിയാം. അയാൾ പിന്നെയെന്തിനോടണം? ഇങ്ങനെ വിചാരിച്ച് അയാളവിടെത്തന്നെ നിന്നു; നമസ്കാരം ചെയ്തു വാഴ്ത്താനും പുകഴ്ത്താനും ആരംഭിച്ചു. അകലെ നിന്നും ആനക്കാരൻ, 'ഓടുവിൻ ഓടുവിൻ' എന്നു വിളിച്ചു പറയുന്നുണ്ട്, എന്നിട്ടും ശിഷ്യൻ ഇളകിയില്ല. ഒടുവിൽ ആന അയാളെ തുമ്പിക്കൈകൊണ്ടെടുത്തുപൊക്കി ഒരു വശത്തേക്കു വലിച്ചെറിഞ്ഞിട്ട് അതിന്റെ പാട്ടിനു പോയി. ശിഷ്യൻ കീറിമുറിഞ്ഞ് ബോധംകെട്ടു കിടപ്പായി.
ഈ വിവരമറിഞ്ഞ് ഗുരുവും മറ്റു ശിഷ്യന്മാരുംകൂടി വന്ന് അയാളെ ആശ്രമത്തിലേക്ക് എടുത്തുകൊണ്ടുപോയി. മരുന്നു കൊടുത്ത്, അല്പനിമിഷം കഴിഞ്ഞപ്പോൾ ബോധം വീണു. അപ്പോൾ ആരോ ചോദിച്ചു: 'ആന വരുന്നുണ്ടെന്ന് കേട്ടിട്ട് നീയെന്തുകൊണ്ട് വഴിയിൽ നിന്നു മാറിയില്ല ?' അയാൾ പറഞ്ഞു: 'മനുഷ്യനും ജന്തുക്കളുമൊക്കെ ആയിരിക്കുന്നത് നാരായണനാണെന്ന് ഗുരുദേവൻ നമുക്ക് പറഞ്ഞുതന്നിട്ടുണ്ടല്ലോ. അതുകൊണ്ട് ആനനാരായണനാണ് വരുന്നതെന്നു കണ്ട് ഞാൻ അവിടെനിന്നും മാറിയില്ല.' ഇതുകേട്ട് ഗുരു ചോദിച്ചു: 'കുഞ്ഞേ ആനനാരായണനാണ് വന്നുകൊണ്ടിരിക്കുന്നത് എന്നതു ശരിതന്നെ; പക്ഷേ ആനക്കാരൻനാരായണൻ നിന്നെ വിലക്കിയില്ലേ? എല്ലാം നാരായണനാകുമ്പോൾ, നീ എന്തുകൊണ്ട് അയാളുടെ വാക്കുകൾ വിശ്വസിച്ചില്ല? ആനക്കാരൻനാരായണന്റെ വാക്കും കേൾക്കേണ്ടതുണ്ട്.' എല്ലാവരും ചിരിക്കുന്നു.
'ആപോ നാരായണ: ' 'ജലം നാരായണനാകുന്നു,' എന്ന് ശാസ്ത്രത്തിലുണ്ട്. എന്നാൽ, ചില ജലം പൂജയ്ക്കു കൊള്ളാം, വേറെ ചിലതു കൊണ്ട് കുലുക്കഴിയാം, ചിലതിൽ പാത്രം കഴുകാം. വേറെ ചിലത് തുണിയലക്കാൻ മാത്രം കൊള്ളാം, അല്ലാതെ കുടിക്കാനോ പൂജയ്ക്കോ കൊള്ളുകയില്ല. അതുപോലെ സജ്ജനങ്ങളിലും ദുർജ്ജനങ്ങളിലും ഭക്തന്മാരിലും ഭക്തിയില്ലാത്തവരിലും സകലരുടേയും ഹൃദയത്തിൽ നാരായണനുണ്ട്. എന്നാൽ ദുർജ്ജനങ്ങളോടും ദുഷ്ടന്മാരോടും ഇടപഴകരുത്; ചങ്ങാത്തമരുത്. അവരിൽ ചിലരുമായി വർത്തമാനം പറയൽ വരെയാകാം.പിന്നെ ചിലരുമായി അതും പാടില്ല. അത്തരം ആളുകളിൽനിന്ന് അകന്നു നില്ക്കുകതന്നെ വേണം.
No comments:
Post a Comment