Saturday, February 8, 2020

മോര് ഉണ്ടോ? എന്നാൽ കുറച്ച് ചോറുണ്ണാം

മോര്  ഉണ്ടോ? എന്നാൽ കുറച്ച് ചോറുണ്ണാം



ഒരിക്കൽ വയറു വേദനയുമായി തന്നെ സമീപിച്ച രോഗിയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞതിന് ശേഷം മരുന്നിന് പകരം "കാളൻ " ഉണ്ടാക്കുന്നതിനുള്ള കുറിപ്പ്  വൈദ്യമഠം തിരുമേനി എഴുതിക്കൊടുത്തതായി അറിവുണ്ട്.
ആയുർവേദമെന്നല്ല എല്ലാ ചികിത്സാരീതിയും ഭക്ഷണക്രമവുമായി ബന്ധപ്പെട്ടു തന്നെയാണ് പ്രവർത്തിക്കുന്നത്.
ഭക്ഷണം തന്നെയാണ് രോഗകാരണം ,ആയതിനാൽ അതിൽ വരുത്തുന്ന ചില മാറ്റങ്ങൾ, ക്രമീകരണങ്ങൾ നമ്മളെ ആരോഗ്യവാന്മാരാക്കും. 

  ഒരു കാലത്ത് മലയാളിയുടെ ഇഷ്ട വിഭവമായിരുന്ന മോരും സംഭാരവുമൊക്കെ ഇന്ന് കല്യാണസദ്യക്ക് ഒരു തീർത്ഥം പോലെ വാങ്ങിക്കഴിയുന്ന വിഭവമായി മാറി.
പാല് കാച്ചി, ഉറയൊഴിച്ച്, തൈരാക്കി, തൈര് കടഞ്ഞ് വെണ്ണമാറ്റി ,പിന്നെ നാലിരട്ടി വെള്ളം ചേർത്ത് മോരുണ്ടാക്കാൻ നമുക്ക് സമയമെവിടെ ??? ............
ഫ്രിഡ്ജിൽ തണുത്തു വിറച്ചിരിക്കുന്ന വെള്ളം, കോളകൾ, വിവിധ പാനീയങ്ങൾ ഇവ ആവശ്യത്തിലുപരി ആഢ്യത്തിന്റെയും പൊങ്ങച്ചത്തിന്റേയും ചിഹ്നങ്ങളായി സ്വീകരിച്ച് അവയ്ക്ക് പുറകെ പോയപ്പോൾ 30 വയസു മുതലേമുട്ടുവേദന ,നടുവേദന, തേയ്മാനം എന്ന് പറഞ്ഞ് ആശുപത്രി വരാന്തയിൽ നില്പും ,അലമാരയിൽ വിവിധ കാത്സ്യം ഗുളികകളും നമുക്ക് സ്വന്തമായി.രോഗകാരണത്തിന്റെ യഥാർത്ഥ്യത്തിലേക്ക് എത്തി നോക്കുവാൻ നമുക്ക് സമയമില്ല ,അഥവാ അറിയാമെങ്കിലും നാം അതിനെ അവഗണിക്കുന്നു. 
   ഉച്ചയൂണിന് ശേഷം ഇഞ്ചി കറിവേപ്പില പച്ചമുളക് ഇവ ചേർത്ത മോര് അപ്രത്യക്ഷമായി .. ചൂടിൽ ദാഹശമനിയായി നമ്മെ തണുപ്പിച്ചിരുന്ന  "സംഭാരം " എന്ന വാക്കു തന്നെ പുതുതലമുറയ്ക്കന്യമായി. പുളിശ്ശേരിയും ,കാളനും, കിച്ചടിയും ഓണസദ്യയുടെ മാത്രം വിഭവങ്ങളായി മാറി.
നല്ല ജീവിത ശൈലിയും ആഹാരശീലവും പാശ്ചാത്യ സംസ്കാരത്തിന് വഴിമാറിയപ്പോൾ നമ്മുടെ കുഞ്ഞുങ്ങൾ പൊണ്ണത്തടിയന്മാരും ,കൃത്യസമയത്ത് ആർത്തവമില്ലാത്തവരും,ആ കാലനരയുള്ളവരും, രോഗബാധിതരും, സന്താനോല്പാദനശേഷി ഇല്ലാത്തവരുമായി മാറി. 
" ആഹാരത്തിനവസാനം എന്താണ് കഴിക്കേണ്ടത്?" എന്ന ചോദ്യത്തിന് പൂർവ്വികർ നല്കിയ മറുപടി "മോര് ഇന്ദ്രന് ലഭ്യമല്ല "എന്നാണ് ....
ദേവന്മാർക്ക് അമൃതിന് തുല്യമായി മനുഷ്യന് ലഭ്യമായതാണ് മോര് !!!!
 തൈര് കടഞ്ഞ് വെണ്ണ മാറ്റുന്നതിന്റെയും അതിൽ ചേർക്കുന്ന വെള്ളത്തിന്റേയും അളവനുസരിച്ച് മോരിന്റെ ഗുണത്തിൽ വ്യത്യാസം വരുന്നു.വെണ്ണ മാറ്റി 4 ഇരട്ടി വെള്ളം ചേർത്താൽ മോരാകും .. ഇതു തന്നെ അല്പം പോലും വെണ്ണയില്ലാതെ നാലിരട്ടിയിലേറെ വെള്ളം ചേർത്താൽ സംഭാരമായി.

എങ്ങനെ മോരുണ്ടാക്കാം ??

       പാൽ പാട കെട്ടാതെ കാച്ചിയെടുക്കുക.. നല്ലതുപോലെ തണുത്താൽ ഒരു Spoon തൈര് ഉറയായി ചേർക്കുക. ഒരു ദിവസം മതിയാകും നല്ല ഉറച്ച തൈര് ലഭിക്കാൻ.. ഈ തൈരിൽ 3 ഐസ്ക്യൂബോ  അര glass തണുത്ത വെള്ളമോ ചേർക്കുക ,ശേഷം മിക്സിയിൽ മിക്സ് ചെയ്യുക 2 മിനിട്ട്.. വെണ്ണ മുകളിൽ തെളിയും .അത് മാറ്റിയെടുക്കുക .. ശേഷം  തിളപ്പിച്ചാറിയ വെള്ളം ആവശ്യത്തിന് ചേർത്ത് മോരോ സംഭാരമോ തയ്യാറാക്കാം. വെണ്ണ നീക്കുന്നതിനാൽ വണ്ണം വയ്ക്കുമെന്ന പേടി വേണ്ട. ആവശ്യത്തിന് കാത്സ്യവും പ്രോബയോട്ടിക്സും ലഭ്യമാവുകയും ചെയ്യും.
ഇഞ്ചി മുളക് കറിവേപ്പില ഇവ ചേർത്ത് ഊണിന് ശേഷം കഴിക്കുന്ന മോര് ശരീരത്തിലെ ദഹനശക്തിയെ ത്വരിതപ്പെടുത്തുകയും ഭക്ഷണത്തിലെ പോഷകാംശങ്ങളുടെ ആഗീരണത്തെ മികവുറ്റതാക്കുകയും ചെയ്യുന്നു. അതിനാൽ തന്നെയാണ് സദ്യയുടെ അവസാനം മോര് വിളമ്പുന്നതും.
ഉഷ്ണകാലത്ത് ദാഹമകറ്റാൻ സംഭാരം ഉത്തമ പാനീയമാണ്. വിയർപ്പിലൂടെ നഷ്ടമാകുന്ന ധാതുലവണങ്ങളെ സന്തുലനപ്പെടുത്തുകയും ശരീരത്തിന് തണുപ്പിനെ പ്രദാനം ചെയ്യുകയും ചെയ്യുന്നു.
വാതരോഗമുള്ളവർ മോരിൽ ചുക്കും ഉപ്പും ചേർത്തു കഴിക്കുന്നതും, പിത്തരോഗങ്ങൾക്ക് പഞ്ചസാരയും, കഫരോഗങ്ങൾ ചുക്ക്, കുരുമുളക് ,തിപ്പലി ഇവ പൊടിച്ചു ചേർത്ത് കഴിക്കുന്നതുമാണ് നല്ലത്.
ശ്വാസ രോഗവും, ചുമയും ഉള്ളവർ കാച്ചിയ മോര് തന്നെ ഉപയോഗിക്കുക. ഏറ്റവും വിഷമിപ്പിക്കുന്ന അർശസ് അഥവാ മൂലക്കുരുവിന് മോര് ഔഷധമാണ്.മോര് കറിവേപ്പിലയും വെളുത്തുള്ളി, ഇഞ്ചി ചേർത്ത് കാച്ചിയത് മിക്കവാറും ഉദരരോഗങ്ങളിൽ മികച്ച താണ്. പൈൽസ, ഫിസറ്റുല, ഫിഷർ, രോഗികളിൽ സർജറിക്കു ശേഷം ഇപ്രകാരം ഉപയോഗിക്കുന്നത് നല്ലതാണ്.

      ഇനിയും മോരിനെ മാറ്റി നിർത്തണോ? എല്ലിനെയും പല്ലിനേയും ദ്രവിപ്പിക്കുന്ന ,നമ്മെ പ്രമേഹ രോഗത്തിന് അടിമപ്പെടുത്തുന്ന ശീതളപാനീയങ്ങൾക്കു പുറകെ പോകണോ ?അതോ സ്വന്തം മോരിനെ കൂടെ നിർത്തണോ? ? നിങ്ങൾ തന്നെചിന്തിക്കൂ.
  മോര് അധികം പഴക്കം ചെല്ലാതെ ഉപയോഗിക്കുക മൺപാത്രങ്ങളിലോ glass bottles ലോ സൂക്ഷിക്കുക. വിപണിയുടെ മറിമായങ്ങൾ പാലിനെ ഗുണനിലവാരം കുറയ്ക്കുന്നതിനാൽ വിശ്വാസയോഗ്യമായ ക്ഷീരകർഷകരിൽ നിന്ന് നേരിട്ട് വാങ്ങാൻ സാധിക്കുന്നത് പരമാവധി ഉപയോഗപ്പെടുത്തുക .
ഒരല്പസമയം മാറ്റിവയ്ക്കാം ,നമ്മുടെ ആരോഗ്യത്തിനായി ,കുട്ടികളുടെ നന്മക്കായി

No comments:

Post a Comment

ഞാൻ സന്ദർശകൻ മാത്രം -sufi story

ഒരു ടൂറിസ്റ്റ് ഒരു സൂഫിയുടെ വീട് സന്ദർ ശിച്ചു . സൂഫിയുടെ വീട്   കണ്ട് അയാൾ അത്ഭുതപ്പെ ട്ടു വീട് ഒരു ലളിതമായ മുറിയായിരുന്...