"ഒരു പിടിച്ചോറിനായി യാചിച്ച ഗായകൻ....."
കൊച്ചിയിലെ പള്ളുരുത്തിയ്ക്കടുത്തുള്ള പഴക്കംചെന്ന ഒരു ലോഡ്ജ്. സർക്കാർജീവനക്കാരായ കുറെ ഗുമസ്‌തന്മാരും സ്വകാര്യസ്ഥാപനത്തിലെ ജോലിക്കാരുമാണ് അവിടത്തെ അന്തേവാസികൾ. ഇടിഞ്ഞു പൊളിയാറായ ആ ലോഡ്ജിൽ മുപ്പതോളം താമസക്കാരുണ്ട്.
അന്നൊരു ഞായറാഴ്ചയായിരുന്നു. കാലം 1970.
അവധിദിവസമായതുകൊണ്ട് ലോഡ്ജിൽ എല്ലാവരുമുണ്ട്. ചിലർ വസ്‌ത്രങ്ങൾ കഴുകുന്നു. ചിലർ ആഹാരം പാകം ചെയ്യുന്നതിന്റെ തിരക്കിൽ. റമ്മികളിയുടെ ഹരത്തിലാണ് വേറെ ചിലർ.
നേരം ഉച്ചയോടടുത്തിരുന്നു.
അപ്പോൾ ലോഡ്ജിന്റെ മുന്നിൽ മുഷിഞ്ഞ വസ്‌ത്രധാരിയായ ഒരാൾ വന്നുനിന്നു. ക്ഷീണിച്ചു തളർന്ന മുഖം. ലോഡ്ജിലെ താമസക്കാരോട് അയാൾക്ക് എന്തോ ചോദിക്കണമെന്നുണ്ട്. പക്ഷേ, വല്ലാത്തൊരു പരുങ്ങലിലാണ് അയാൾ.
കഴുകിയ വസ്‌ത്രങ്ങൾ അയയിൽ വിരിക്കാൻ പോയ ഒരാൾ, ലോഡ്ജിന്റെ മുന്നിൽ നിൽക്കുന്ന അപരിചിതനെ കണ്ടു. എന്താ കാര്യമെന്ന് അയാൾ ചോദിച്ചു.
ആ ചോദ്യം അയാൾക്ക് ധൈര്യം പകർന്നു. അയാൾ അടുത്തേയ്ക്കു ചെന്നു.
"എനിക്ക് വിശപ്പു സഹിക്കാൻ കഴിയുന്നില്ല. എന്തെങ്കിലും കുറച്ച് ആഹാരം തരണം. പകരം തരാൻ എന്റെ കൈയിലൊന്നുമില്ല. എനിക്ക് പാടാനറിയാം. നിങ്ങൾക്ക് ഇഷ്‌ടമാണെങ്കിൽ ഞാൻ പാടാം."
അതുകേട്ടപ്പോൾ അലക്കിയ വസ്‌ത്രങ്ങളിരുന്ന പാത്രം താഴെ വച്ചിട്ട് അയാൾ കൂട്ടുകാരെ വിളിച്ചു.
"നിങ്ങളെല്ലാം ഒന്നിങ്ങു വന്നേ. ഒരാൾ പാടാൻ വന്നിരിക്കുന്നു. പകരം ആഹാരം കൊടുത്താൽ മതിയെന്ന്."
ഓരോരോ പണികളിൽ വ്യാപൃതരായിരുന്നവർ അതെല്ലാം നിറുത്തി.
എല്ലാവരും പൂമുഖത്തേയ്ക്കു വന്നു. പുറത്തുനിൽക്കുന്ന അപരിചിതനെ ചിലർക്ക് പരിചയമുള്ളതുപോലെ. എങ്ങോ കണ്ടുമറന്ന മുഖം!
ഒരാൾ പറഞ്ഞു.
"ശരി, ആഹാരം തരാം. പക്ഷേ നല്ലൊരു പാട്ടു പാടണം."
അപരിചിതനായ അയാൾ ലോഡ്ജിന്റെ പൊട്ടിപ്പൊളിഞ്ഞ കോലായിൽ കയറിയിരുന്നു. സംഭവം അറിഞ്ഞ് ലോഡ്ജിലെ മറ്റു അന്തേവാസികളെല്ലാം അവിടെയെത്തി. കൈവരികളിലും വരാന്തയിലുമായി അവരെല്ലാം ഇരുന്നു.
അയാൾ പാടാൻ തുടങ്ങി.
"തോർന്നിടുമോ കണ്ണീർ
ഇതുപോലെൻ ജന്മം തീർന്നിടുമോ...."
വളരെ മനോഹരമായി അയാൾ പാടി. ആ മധുരശബ്‌ദത്തിൽ ലോഡ്ജിലെ താമസക്കാരെല്ലാം സ്വയം മറന്നിരുന്നു.
വീണ്ടും അയാളുടെ പാട്ടു കേൾക്കണമെന്ന് അവർക്കു തോന്നി. ഒരാൾ പറഞ്ഞു.
"ഊണുകഴിക്കാൻ ഇനിയും സമയമുണ്ട്. ഇന്നു നമ്മുക്കെല്ലാവർക്കും ഒരുമിച്ചിരുന്നു ആഹാരം കഴിക്കാം. അതുകൊണ്ട് ഒരു പാട്ടുകൂടി ആവാം."
അയാൾ വീണ്ടും കണ്ണുകളടച്ചു. ഏതോ പാട്ടിന്റെ വരികൾക്കുവേണ്ടിയുള്ള ധ്യാനം!
"അകാലെ ആരും കൈവിടും
നീതാനേ നിൻ സഹായം...."
പാട്ടു തീരുന്നതുവരെ ആരും ശബ്‌ദിച്ചില്ല. അത്രത്തോളം അവർക്ക് ആ പാട്ട് ഇഷ്‌ടപ്പെട്ടു.
അവർ അതിശയിക്കുകയായിരുന്നു. ആരാണ് ഇയാൾ? ഇത്ര മധുരമായി പാടുന്ന ഇയാൾ എന്തുകൊണ്ടാണ് ആഹാരം യാചിച്ചു നടക്കുന്നത്?
അവർ വീണ്ടും നിർബന്‌ധിച്ചു, ഒരു പാട്ടുകൂടി പാടാൻ.
"നീയല്ലാതാരുണ്ടെന്നുടെ പ്രണയപ്പുഴയിൽ ചിറകെട്ടാൻ...."
ആ പാട്ട് തീർന്നപ്പോൾ കൂട്ടത്തിലൊരാൾ ചോദിച്ചു.
"പാടിയ പാട്ടുകളൊക്കെയും ശോകമാണല്ലോ. താളമടിച്ചു രസിക്കാനുള്ള പാട്ടൊന്നും കൈയിലില്ലേ?"
അപ്പോൾ അയാൾ നിവർന്നിരുന്നു. ചെറുതായൊന്നു താളമടിച്ചു. ശ്രോതാക്കൾക്കും രസം കയറി. വിശപ്പെല്ലാം മറന്നു അയാൾ താളമടിച്ചു പാടാൻ തുടങ്ങി.
"പണ്ടു പണ്ടു നിന്നെ കണ്ട നാളയ്യാ
പാട്ടുപാടാനറിയാത്ത താമരക്കിളി നീ....."
ആ പാട്ടു തീർന്നപ്പോൾ അന്തേവാസികളിലൊരാളിനു സംശയം.
"നിങ്ങൾ പാടിയ പാട്ടുകളെല്ലാം ഒരു ഗായകന്റെതാണല്ലോ. അയാളോടുമാത്രം എന്താ ഇത്രയ്ക്കു ഇഷ്‌ടം? ഞങ്ങൾക്ക് മറ്റുള്ളവരുടെ പാട്ടുകളും കേൾക്കണം. കമുകറ പുരുഷോത്തമന്റെ ഒരു പാട്ട് കേൾക്കണം. അതൊന്നു പാടണം."
"അദ്ദേഹത്തിന്റെ പാട്ട് ഞാൻ പാടില്ല."
"എങ്കിൽ വേണ്ട. എ. എം. രാജയുടെയോ ഉദയഭാനുവിന്റെയോ പാട്ടായാലും മതി."
"ഇല്ല, അവരുടെ പാട്ടും ഞാൻ പാടില്ല."
അയാൾ തീർത്തുപറഞ്ഞു.
വിട്ടുകൊടുക്കാൻ അവരും തയ്യാറായില്ല.
"അപ്പോൾ നിങ്ങൾ യേശുദാസിന്റെ പാട്ടു പാടുമായിരിക്കും."
"ഇല്ല, അതുമില്ല."
എല്ലാം കേട്ടിരുന്ന ഒരാൾക്ക് ദേഷ്യം വന്നു.
"പിന്നെന്താ താൻ മെഹബൂബിന്റെ പാട്ടുകൾ മാത്രം പാടുന്നത്? അയാൾ തന്റെ ആരാ?"
മുഖം താഴ്ത്തി, ആരോടെന്നില്ലാതെ ഗായകൻ പറഞ്ഞു.
"എനിക്ക് മെഹബൂബിന്റെ പാട്ടുകളെ പാടാൻ കഴിയൂ. കാരണം, ഞാനാണ് മെഹബൂബ്!"
അവിടെ നിന്നവരെല്ലാം സ്‌തംഭിച്ചുപോയി. അനുഗൃഹീതനായ ഒരു ഗായകനാണല്ലോ തങ്ങളുടെ മുന്നിൽ ആഹാരത്തിനായി യാചിച്ചു നിൽക്കുന്നതെന്നറിഞ്ഞപ്പോൾ അവർക്ക് വല്ലാത്ത വേദന തോന്നി.
മധുരങ്ങളായ ഒട്ടനവധി ഗാനങ്ങൾക്കൊണ്ട് മലയാളികളെ സന്തോഷിപ്പിച്ചിട്ടുള്ള സിനിമാപിന്നണി ഗായകൻ മെഹബൂബിന്റെ ജീവിതത്തിലെ ഏറ്റവും വേദനിപ്പിക്കുന്ന ഒരു സംഭവമാണ് നിങ്ങൾ വായിച്ചത്.
മെഹബൂബിന്റെ ജീവിതം എന്നും ഒരു ശോകഗാനമായിരുന്നു. നിരാലംബതയും നിസ്സഹായതയും മറക്കാൻ വേണ്ടിയായിരിക്കണം ഒരുപക്ഷേ, മെഹബൂബ് പാടിത്തുടങ്ങിയത്. ആ ശബ്‌ദം തന്നെയായിരുന്നു മെഹബൂബിന്റെ ജീവിതം. ഒരുനേരത്തെ ആഹാരത്തിനുപോലും മറ്റുള്ളവരുടെ മുന്നിൽ യാചനയോടെ പാടേണ്ട ഗതികേടായിരുന്നു അദ്ദേഹത്തിന്.
ദരിദ്രമായ ചുറ്റുപാടിലാണ് മെഹബൂബ് ജനിച്ചത്. കുട്ടിക്കാലത്തുതന്നെ മെഹബൂബിനു മാതാപിതാക്കൾ നഷ്‌ടപ്പെട്ടു. പിന്നെ രക്തബന്‌ധം എന്നു പറയാൻ ഒരു സഹോദരൻ മാത്രം. അധികം വൈകിയില്ല. ആ സഹോദരനും മരിച്ചു. മെഹബൂബ് ഒറ്റയ്ക്കായി. ആരുടെയൊക്കെയോ ഔദാര്യത്തിൽ മെഹബൂബ് ആഹാരം കഴിച്ചു.
കരൾ പിളർക്കുന്ന വേദന മറക്കാൻ മെഹബൂബ് പാടി. എല്ലാം ശോകഗാനങ്ങൾ! സ്വന്തം ജീവിതമാണ് മെഹബൂബ് പാടി നടന്നത്.
മെഹബൂബിന് പാടാനല്ലാതെ മറ്റൊന്നും അറിയില്ലായിരുന്നു. തെരുവിലും കൂട്ടുകാർക്കിടയിലും പാടിനടന്നു.
മെഹബൂബിനെ ആരും സംഗീതം പഠിപ്പിച്ചില്ല. പക്ഷേ, ഏതു രാഗവും ഒരു പ്രാവശ്യം കേട്ടാൽ മതി, പെട്ടെന്നത് മനസ്സിൽ മായാതെ പതിപ്പിക്കാനുള്ള കഴിവുണ്ടായിരുന്നു.
ചെറുപ്പത്തിൽ 'ഖവാലി'യും ഗസലും പാടുന്നതിലായിരുന്നു മെഹബൂബിനു ഇഷ്‌ടം. അതിനു പ്രേരകമായത് കൊച്ചിയിൽ അന്നുണ്ടായിരുന്ന ബംഗാളിയായ കമാന്റർ ദിലാവർ ഷാ ആണ്. മനോഹരമായി ഗസൽ പാടുമായിരുന്ന ഷാ, മെഹബൂബിനു തുണയായി.
ഏതു ഗാനമായാലും വളരെ പെട്ടെന്നുതന്നെ അതിനൊരു രാഗം കൊടുത്തു മറ്റുള്ളവരെ പാടി കേൾപ്പിക്കാനുള്ള മെഹബൂബിന്റെ കഴിവ് അന്നേ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരുനേരത്തെ ആഹാരത്തിനായി അലഞ്ഞ മെഹബൂബിന് അതൊരു വരമായിരുന്നു. അതുകൊണ്ടാണ് കല്യാണവീടുകളിലും സംഗീതപരിപാടികളിലും പാടാനുള്ള അവസരം കിട്ടിയത്. അങ്ങനെ കിട്ടുന്ന തുച്ഛമായ വരുമാനമായിരുന്നു മെഹബൂബിന് ജീവിക്കാനുള്ള പ്രേരണ നൽകിയത്.
പങ്കജ്‌മല്ലിക്ക് ഒരിക്കൽ മെഹബൂബിന്റെ പാട്ടു കേൾക്കാനിടയായി. അത്ഭുതത്തോടെയായിരുന്നു അദ്ദേഹം കേട്ടിരുന്നത്. പാടിക്കഴിഞ്ഞപ്പോൾ സന്തോഷത്തോടെ പങ്കജ്, മെഹബൂബിനെ വാരിപ്പുണർന്നു. മെഹബൂബിനെ സംബന്‌ധിച്ചിടത്തോളം അന്നത് വലിയൊരു അംഗീകാരമായിരുന്നു.
അല്ലെങ്കിൽത്തന്നെ കല്യാണവീടുകളിലും തെരുവിലും പാടിനടക്കുന്നവനെ ആരാണ് അംഗീകരിക്കുന്നത്?
സിനിമയിൽ പാടിയതിനുശേഷമാണ് മെഹബൂബ് ശ്രദ്ധിക്കപ്പെടുന്നത്. പക്ഷേ, അതിനുമുമ്പ് ശ്രുതിമധുരങ്ങളായ ഒട്ടനവധി ലളിതഗാനങ്ങൾ മെഹബൂബ് മലയാളികൾക്ക് സമ്മാനിച്ചിരുന്നു. തിരുനല്ലൂർ കരുണാകരന്റെ "കാറ്റേ നീ വീശരുതിപ്പോൾ, കാറേ നീ പെയ്യരുതിപ്പോൾ....", "ചെറുപ്പത്തിൽ നമ്മൾ രണ്ടും മണ്ണുവാരി കളിച്ചപ്പോൾ...", "നാളെത്തെ പൂക്കണി...", "കരളിൽ തീയെരിയുന്നു...", "നാടിനുവേണ്ടി...." തുടങ്ങി നിരവധി ലളിതഗാനങ്ങൾ അക്കൂട്ടത്തിൽപ്പെടുന്നു. മെഹബൂബിന്റെ തബലിസ്റ്റും പ്രസിദ്ധ ഗസൽ ഗായകനുമായ ഉമ്പായി, മെഹബൂബിനുള്ള ഗുരു ദക്ഷിണയായി ഈ ഗാനങ്ങൾ ഇപ്പോഴും പാടുന്നുണ്ട്.
1951ൽ കുഞ്ചാക്കോയും കോശിയും ചേർന്നു ഉദയാ സ്റ്റുഡിയോയ്ക്കുവേണ്ടി 'ജീവിതനൌക' എന്ന സിനിമ നിർമ്മിച്ചു. കെ. വെമ്പുവായിരുന്നു സംവിധായകൻ. തിക്കുറിശ്ശിയും സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതരും ബി.എസ്.സരോജവുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ആ ചിത്രത്തിലെ മിക്ക പാട്ടുകളും പാടിയത്, പുതുമുഖ ഗായകനായ മെഹബൂബായിരുന്നു.
ഹിന്ദിപാട്ടുകളുടെ ട്യൂണിന്റെ അനുകരണമായിരുന്നു അന്നത്തെ മലയാളഗാനങ്ങൾ. സംഗീതസംവിധായകർ അന്ന് അറിയപ്പെട്ടിരുന്നത് 'ഓർക്കസ്‌ട്രാ അറേഞ്ചുകാർ' എന്നായിരുന്നു.
'ജീവിതനൌക'യുടെ ഓർക്കസ്‌ട്രാ അറേഞ്ചർ വി. ദക്ഷിണാമൂർത്തിയായിരുന്നു. സിനിമയ്ക്കുവേണ്ടി ഗാനങ്ങളെഴുതിയത് അഭയദേവും.
'ജീവിതനൌക'യിലെ "വനഗായികേ വാനിൽ വരൂ നായികേ..." എന്ന ഗാനമാണ് മെഹബൂബിന്റെ ആദ്യത്തെ സിനിമാഗാനം. "അകാലെ ആരും കൈവിടും..." എന്ന ഗാനവും കവിയൂർ രേവമ്മയുമായി ചേർന്നുപാടിയ "തോർന്നീടുമോ കണ്ണീരു..." എന്ന ഗാനവും അക്കാലത്ത് ഏറെ പ്രശസ്തമായി. അതോടൊപ്പം മെഹബൂബും ശ്രദ്ധിക്കപ്പെട്ടുതുടങ്ങി.
'ജീവിതനൌകയ്ക്കു'ശേഷം 1966 വരെ ഇരുപത്തിയഞ്ചോളം ചിത്രങ്ങൾക്കുവേണ്ടി അനേകം പാട്ടുകൾ മെഹബൂബ് പാടി. കെ. രാഘവൻ, ദേവരാജൻ മാസ്റ്റർ, ബാബുരാജ്,ദക്ഷിണാമൂർത്തി എന്നിവരുടെ സംഗീതസംവിധാനത്തിൽ മെഹബൂബ് പാടിയ ഗാനങ്ങളെല്ലാം ഇന്നും മലയാളികൾ കേൾക്കാനിഷ്‌ടപ്പെടുന്നവയാണ്..
"മാനെന്നും വിളിക്കില്ല..."(നീലക്കുയിൽ), തപസ്സു ചെയ്തു തപസ്സു ചെയ്തു..."(മിന്നാമിനുങ്ങ്), "ഹാലു പിടിച്ചൊരു പുലിയച്ഛൻ....", "കാത്തുസൂക്ഷിച്ചൊരു കസ്തൂരിമാമ്പഴം..." (നായരു പിടിച്ച പുലിവാൽ), "വെളിക്കു കാണുമ്പം..." (ഉമ്മ), "നയാ പൈസയില്ല...", "ഓട്ടക്കണ്ണിട്ടു നോക്കും കാക്കേ...", "നീയല്ലാതാരുണ്ടെന്നുടെ..."(നീ ലിസാലി),"കണ്ടം വെച്ചൊരു കോട്ടാണ്....", "ആട്ടെ പോട്ടെ ഇരിക്കട്ടെ ലൈലേ...", സിന്ദാബാദ് സിന്ദാബാദ് സ്വന്തംകാര്യം....(കണ്ടം വച്ച കോട്ട്), "അന്നത്തിനും പഞ്ഞമില്ല....", "കണ്ണിനകത്തൊരു കണ്ണുണ്ട്..."(ലൈലാ മജ്‌നു), "വണ്ടീ പുക വണ്ടീ....", "കേളെടി നിന്നെ ഞാൻ..."(ഡോക്‌ടർ), "എന്തൊരു തൊന്തരവ്..."(മൂടുപടം) തുടങ്ങി അനേകം ഗാനങ്ങളിലൂടെ മെഹബൂബ് മലയാളികളുടെ മനസ്സിൽ ഇന്നും ജീവിക്കുന്നു!
'നീലക്കുയിൽ' എന്ന ചിത്രത്തിലെ "മാനെന്നും വിളിക്കില്ല..." എന്ന ഗാനം പാടി അഭിനയിച്ചത് സത്യനായിരുന്നു. സത്യന്റെ ശബ്‌ദവുമായി ഏറെ ബന്‌ധമുള്ളതുകൊണ്ട് ആ പാട്ട് യഥാർത്ഥത്തിൽ പാടിയത് അദ്ദേഹമായിരുന്നു എന്നാണ് എല്ലാവരും കരുതിയത്. ഒരു ഗായകൻ എന്ന നിലയിൽ മെഹബൂബിന്റെ നേട്ടമായിരുന്നു അത്.
മെഹബൂബിനെക്കുറിച്ച് ഒരിക്കൽ രാഘവൻ മാസ്റ്റർ പറഞ്ഞതാണ് ഓർമ്മയിൽ വരുന്നത്.
"മെഹബൂബ് ഒരത്ഭുതമാണ്. എത്ര പെട്ടെന്നാണെന്നോ അയാൾ രാഗങ്ങൾ മനസ്സിലാക്കുന്നത്. ഒരു പ്രാവശ്യം കേട്ടാൽ മതി. മനസ്സിലാക്കാനും ആലപിക്കാനുമുള്ള കഴിവ് ഇത്രത്തോളം മറ്റാരിലും ഞാൻ കണ്ടിട്ടില്ല."
1981 ഏപ്രിൽ 22-ന് മെഹബൂബ് മരിച്ചു. അനാഥത്വമറിഞ്ഞാണ് മെഹബൂബ് വളർന്നത്. മരിക്കുമ്പോഴും അങ്ങനെത്തന്നെയായിരുന്നു. അദ്ദേഹത്തിന്റെ മൃതദേഹത്തിനുമുന്നിലിരുന്നു വിങ്ങിപ്പൊട്ടാൻ ഭാര്യയോ കുട്ടികളോ മെഹബൂബിനില്ലായിരുന്നു.
ഒരു തുണ്ടു ഭൂമിപോലും സ്വന്തമായി ഇല്ലാതിരുന്ന മെഹബൂബ് നമുക്ക് സമ്മാനിച്ചത് മാധുര്യം നിറഞ്ഞ ഒട്ടനവധി ഗാനങ്ങളായിരുന്നു..!!
No comments:
Post a Comment