ഒരു കഥ
വീട്ടിലെ പട്ടിയുടെ വായിൽ അയൽപക്കത്തെ ചേട്ടൻ ഓമനിച്ചു വളർത്തിയിരുന്ന മുയൽ
നായയുടെ വായിൽ നിന്നും മുയലിനെ വലിച്ചെടുത്തു. അതിൻറ കാര്യത്തിന് എന്തായാലും തീരുമാനമായി. ആ ചേട്ടൻ ഒരുപാട് ലാളിക്കുന്ന മുയലാണ്. അതിനെ പട്ടി പിടിച്ചൂന്നറിഞ്ഞാൽ ആ മനുഷ്യനുമായുളള ബന്ധം തീർന്നു.
ആ വീട്ടിലേക്കൊന്ന് ഒളിഞ്ഞു നോക്കി... ഭാഗ്യം ആരുമില്ല
ചത്തുകിടക്കുന്ന മുയലിനെ ഞാൻ കയ്യിലെടുത്തു. അതിൻറെ ശരീരത്തിൽ പറ്റിയിരുന്ന ചെളിയും ഉണങ്ങിയ രക്തവും മറ്റും കഴുകി വൃത്തിയാക്കി. ടവലു കൊണ്ട് വെളളം ഒപ്പിക്കളഞ്ഞു. ഫാനിനടിയില് കൊണ്ടുവച്ച് ശരീരം ഉണക്കിയെടുത്തു.
ആരും കാണാതെ അതിനെ തുറന്നു കിടന്ന കൂട്ടിൽ കൊണ്ടുവച്ചു. മുയലിൻറെ മരണം സ്വാഭാവികമായിട്ടാന്ന് അവിടത്തെ ചേട്ടൻ കരുതിക്കോട്ടേ..
കുഴപ്പമൊന്നുമില്ലാതെ അന്നത്തെ ദിവസം കഴിഞ്ഞു പോയി.
പിറ്റേ ദിവസം ഞാൻ ജോലി കഴിഞ്ഞു വരുമ്പോൾ ചേട്ടൻ അവരുടെ ഗേറ്റിനു മുന്നിൽ നില്ക്കുന്നു. കുറ്റബോധത്തോടെ വീട്ടിലേക്ക് വലിയാൻ നോക്കിയ എന്നെ ചേട്ടൻ വിളിച്ചു.
"എന്തേ ചേട്ടാ?"
"നീ അറിഞ്ഞില്ലേ?"
"ഇല്ല..എന്തേയ്??"
"ഞങ്ങടെ മുയൽ ചത്തു"
"അയ്യോ.... ഞാനതറിഞ്ഞില്ല, എങ്ങനെയാ"
"അതിൻറെ മേലൊരു തേങ്ങ വീണതാ..."
"അയ്യോ !!"
"പ്രശ്നം അതല്ല...
ഇന്നലെ മൂന്നു മണിക്കാണ് സംഭവം. ഞാനതിനെ കുഴിച്ചിടുകയും ചെയ്തു. ഞങ്ങളൊന്നു പുറത്തു പോയിട്ടു വന്ന് രാത്രി നോക്കിയപ്പോൾ ആ മുയലിനെ ആരോ കുഴിയിൽ നിന്നും തോണ്ടിയെടുത്ത് കഴുകി വൃത്തിയാക്കി ദേ വീണ്ടും കൂട്ടിൽ കൊണ്ടിട്ടിരിക്കുന്നു !!!"
No comments:
Post a Comment