Wednesday, February 5, 2020

ഓഷോ

ഓഷോ


ദൈവകേന്ദ്രിതനായ ഒരു വ്യക്തിയിൽ യാതൊരു മതാത്മകതയുമില്ല. അയാൾക്കുള്ളത് ഒരു സദാചാരമാണ്. അതാവട്ടെ സാമൂഹികമായ ഒരു നീക്കുപോക്കല്ലാതെ മറ്റൊന്നുമല്ല. അത് ഒരോ സ്ഥലത്തും ഒരോ രാജ്യത്തും ഓരോ സമൂഹത്തിലും വ്യത്യസ്തമായിരിക്കും. മനുഷ്യരാശിയുടെ ഒരു വിഭാഗത്തിന് മതപരമായിരിക്കുന്നത് മറ്റൊരു വിഭാഗത്തിന് മതപരമല്ല. കാരണം ഒരോ സമൂഹത്തിനും സ്വന്തമായ കാലാവസ്ഥയും സ്വന്തമായ പൈതൃകവും സ്വന്തമായ ഭൂതകാലവുമുണ്ട്. അത് മറ്റു സമൂഹങ്ങളിൽ നിന്ന് വിഭിന്നമായിരിക്കും.

ഉദാഹരണത്തിന്, സ്വർഗ്ഗത്തെക്കുറിച്ചുള്ള ഹിന്ദുസങ്കല്പം " ദിവസം മുഴുവനും സുഗന്ധവാഹിയായ തണുത്ത കാറ്റ് വീശുന്ന സ്വർഗ്ഗത്തിൽ ഒരിക്കലും ഉഷ്ണമില്ല," എന്നാണ്. വ്യക്തമായും, ഈ നുണ പ്രക്ഷേപിച്ചവർ ഉഷ്ണ രാജ്യത്തായിരിക്കും ജീവിച്ചിരുന്നത്. അനന്തമായി ഒരു ഉഷ്ണമേഘലയിൽ ജീവിക്കാൻ അവർ ഇഷ്ടപ്പെട്ടിരുന്നില്ല എന്നാണ് ഇത് കാണിക്കുന്നത്. ടിബറ്റുകാരുടെ സ്വർഗ്ഗം ഊഷ്മളമാണ്, മഞ്ഞേയില്ല. അവർ ജീവിക്കുന്നത് ശൈത്യകാലത്തിന്റെ മഞ്ഞും തണുപ്പും സഹിച്ചുകൊണ്ടാണ്. അവർ പ്രക്ഷേപിക്കുന്നത് എന്നും സുഖകരമായി തോന്നുന്ന ഒന്നിനെയാണ്.

ഒരോ രാജ്യവും മതപരമായി കണക്കാക്കുന്നത് എന്താണെന്ന് ഒന്ന് നിരീക്ഷിക്കുക. ഇന്ത്യയിൽ സൂര്യോദയത്തിനുമുമ്പ് കുളിച്ച് പ്രാർഥന നടത്തണം. ടിബറ്റിൻ മതഗ്രന്ഥങ്ങളിൽ പറയുന്നത് ആണ്ടിൽ ഒരിക്കൽ കുളിക്കണം എന്നാണ്. ബുദ്ധിമുട്ടെന്തെന്നുവച്ചാൽ ആളുകൾ വ്യത്യസ്ത കാലാവസ്ഥയുള്ള സ്ഥലങ്ങളിൽ സഞ്ചരിക്കുമ്പോഴും സ്വന്തം ആശയങ്ങളും കൂടെ കൊണ്ടുപോകും എന്നുള്ളതാണ്.

ഒരിക്കൽ ബുദ്ധഗയയിൽ ഞാൻ ഒരു ധ്യാനക്യാമ്പ് നടത്തുമ്പോൾ ബോധിവൃക്ഷത്തെ വണങ്ങുവാൻ ഒരുകൂട്ടം ടിബറ്റിൻ ലാമമാർ അവിടെയെത്തി. വളരെ ദൂരെനിന്നുതന്നെ അവരെ നാറുന്നുണ്ടായിരുന്നു. ഇന്ത്യയിൽ വന്നാലും ആണ്ടിൽ ഒരു കുളി എന്ന ആശയം അപ്പോഴും അവർ തുടരുന്നുണ്ടായിരുന്നു. ഇന്ത്യയിൽ നല്ല ചൂടുള്ള വേനൽകാലം. അവർ വിയർത്തുകുളിക്കുന്നുണ്ടായിരുന്നു. അവർ ധരിച്ചിരുന്ന വസ്ത്രത്തിന് പല അടുക്കുകളുണ്ടായിരുന്നു. ടിബറ്റിൽ അവ നല്ലതായിരുന്നു. ഇന്ത്യയിലോ...! 
ഞാൻ അവരോട് ചോദിച്ചു, " ഈ മതങ്ങളെന്നു പറയുന്നവയെല്ലാം സാമൂഹിക സൗകര്യങ്ങളാണെന്ന് നിങ്ങൾക്കറിയാമോ? ടിബറ്റിൽ അവ നല്ലതായിരുന്നു. എന്നാൽ ഇവിടെ നിങ്ങൾ വിഡ്ഢിയാവുകയാണ്."
അവർ പറഞ്ഞു, " ഞങ്ങളുടെ മതം പറയുന്നത് ആണ്ടിൽ ഒരു കുളി, അതിലേറെയായാൽ അത് ആഡംബരമാകും. അത് നിഷിദ്ധമാണ്, അപകടമാണ്. നാറിയാലും നരകത്തിൽ പോകുന്നതിലും ഭേദമാണല്ലോ?

യേശുക്രിസ്തു മദ്യം കഴിക്കാറുണ്ടായിരുന്നു. എന്നാൽ ഇന്ത്യയിൽ ബോധപ്രാപ്തനായ ഒരാൾ മദ്യം കഴിക്കുമെന്ന് ചിന്തിക്കാൻ പോലും ഒരു മതത്തിനും സാധ്യമല്ല. എനിക്കതിൽ ഒരു പ്രശ്നവും തോന്നുന്നില്ല. കാരണം ലളിതമാണ്. ചൂടുള്ള ഈ കാലാവസ്ഥയിൽ മദ്യം കുടിക്കുന്നത് ഒരു ആവശ്യമേയല്ല. തണുപ്പുള്ള കാലാവസ്ഥയിൽ മദ്യം ആവശ്യമാണ്. അത് നിങ്ങളുടെ ചൂട് നിലനിർത്തുക മാത്രമേ ചെയ്യുന്നുള്ളൂ. ചുറ്റും മഞ്ഞുവീണുകൊണ്ടിരിക്കുമ്പോൾ ഇത്തിരി ചൂടനുഭവിക്കുന്നതിൽ തെറ്റൊന്നുമില്ല.

മുഹമ്മദ് മുഹമ്മദീയരോദ് പറഞ്ഞു, " നിങ്ങൾക്ക് നാല് സ്ത്രീകളെ വിവാഹം ചെയ്യാം." കാരണം അക്കാലത്ത്, ആയിരത്തി നാന്നൂറ് വർഷം മുമ്പ്, സൗദി അറേബ്യയിൽ സ്ത്രീപുരുഷ അനുപാതം നാല് സ്ത്രീകൾക്ക് ഒരു പുരുഷൻ എന്നതായിരുന്നു. പുരുഷന്മാർ നിരന്തരം യുദ്ധം ചെയ്യുകയായിരുന്നു എന്നതിനാലാണ് അങ്ങനെ സംഭവിച്ചത്. അതുകൊണ്ട് മുഹമ്മദിനെ ഞാനധിക്ഷേപിക്കുന്നില്ല. അദ്ദേഹം സമൂഹത്തെ സൗകര്യപ്രദമാക്കുകയായിരുന്നു. എന്നാൽ അന്നത്തെ അനുപാതമല്ല ഇന്നുള്ളത്. ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് സ്ത്രീ പുരുഷാനുപാതം തുല്യമാണ്. അപ്പോൾ ഒരോ പുരുഷനും നാല് സ്ത്രീകളെ വിവാഹം ചെയ്യുന്നത് തുടരുകയാണെങ്കിൽ അത് സമൂഹത്തിന് പ്രശ്നങ്ങളും അസൗകര്യവുമുണ്ടാക്കും.

മതങ്ങൾ ജനന നിയന്ത്രണമാർഗ്ഗങ്ങൾ സ്വീകരിക്കാൻ ഇഷ്ടപ്പെടുന്നില്ല. അതിന്റെ ലളിതമായ കാരണം അവരുടെ അംഗസംഖ്യ കുറയുമെന്നത് മാത്രമാണ്. എന്നാൽ അവർ അതിനെ സുന്ദരമായി യുക്തിവൽക്കരിക്കുന്നു. അവർ ജനനനിയന്ത്രണത്തെ എതിർക്കുന്നത് അത് പ്രകൃതി വിരുദ്ധമായതുകൊണ്ടാണത്രേ. ജനന നിയന്ത്രണം പ്രകൃതി വിരുദ്ധമാണെങ്കിൽ പോപ്പും ശങ്കരാചാര്യരുമെല്ലാം ഔഷധങ്ങളെയും എതിർക്കണം. കാരണം അവയും പ്രകൃതി വിരുദ്ധമാണ്. എന്നാൽ ഇക്കാര്യത്തിൽ അവർ പൂർണ്ണ മൗനത്തിലാണ്.
ജനനം സ്വാഭാവികമാണെങ്കിൽ മരണവും സ്വാഭാവികമാണ്. മരിക്കുന്നതിൽ നിന്നും നിങ്ങൾ ആളുകളെ തടയുന്നതുകൊണ്ടുണ്ടാകുന്ന അസന്തുലിതാവസ്ഥ പരിഹരിക്കാൻ നിങ്ങൾക്ക് അതിന്റെ മറുപുറം സ്വീകരിക്കേണ്ടി വരും. നിങ്ങൾ മരുന്നുകളെ അംഗീകരിക്കുകയാണെങ്കിൽ, ആധുനിക വൈദ്യശാസ്ത്രത്തെ അംഗീകരിക്കുകയാണെങ്കിൽ, തീർച്ചയായും ജനന നിയന്ത്രണത്തെയും നിങ്ങൾ അംഗീകരിക്കണം. അല്ലാത്തപക്ഷം ജനസംഖ്യ സ്വാഭാവികവും സഹിക്കാവുന്ന പരിധിക്കുള്ളിലും എങ്ങനെ നിലനില്ക്കും?

നമ്മുടെ ചിന്താരീതികൾ മാറ്റാൻ കഴിയാത്തത്ര കർക്കശമായിത്തീർന്നിരിക്കുന്നു. സത്യത്തിൽ നിങ്ങൾ ചിന്തിക്കുന്നത് അവസാനിപ്പിച്ചിരിക്കുകയാണ്. ചിന്തിക്കുന്ന ഒരാൾ ഒരിക്കലും ഒരു നല്ലവനായി പരിഗണിക്കപ്പെടുന്നില്ല. കാരണം അയാൾ ഒരു വിപ്ളവ വീര്യത്തെയാണ് സൃഷ്ടിക്കുന്നത്. ചിന്തിക്കാത്ത ഒരാൾ മനുഷ്യനല്ല, ഒന്നിന് പുറകെ മറ്റൊന്നായി നടന്നുപോകുന്ന ചെമ്മരിയാടുകളെപ്പോലെയാണ്. മുമ്പിലുള്ള ഒന്ന് നടക്കുന്നത് മാത്രമാണ്, പുറകെ നടക്കുന്നത് അങ്ങനെ ചെയ്യാനുള്ള ഒരേയൊരു കാരണം. ജനസഞ്ചയം മുഴുവനും ഇതുപോലുള്ള ഒരു നടത്തമാണ് തുടരുന്നത്. 

എല്ലാ ദിശകളിലേക്കും നമ്മുടെ മനസ്സ് തുറക്കപ്പെടേണ്ടതുണ്ട്. ഗീതയെ സംശയിക്കാനും ഖുറാനെയും രാമായണത്തെയും സംശയിക്കാനും നമുക്ക് കഴിയണം. അപ്പോൾ നമ്മുടെ മനസ് തുറക്കപ്പെടുകയും സ്വതന്ത്രമാവുകയും ചെയ്യും. സത്യാന്വേഷണത്തിന്റെ ആദ്യപടിയായി പഠിപ്പിക്കപ്പെടേണ്ടത് ശരിയായ സംശയമാണ്, വിശ്വാസമല്ല. യഥാർത്ഥ മതം ഒരാളെ സംശയിക്കാനും ചിന്തിക്കാനും അന്വേഷിക്കാനും പഠിപ്പിക്കുന്നു. ഒരാളുടെ സ്വന്തമായ അന്വേഷണത്തിലൂടെ നേടിയതെന്തായാലും അത് സ്വന്തമായ മാറ്റവും അത് സത്യവുമാണ്.
ഓഷോ

No comments:

Post a Comment

ഞാൻ സന്ദർശകൻ മാത്രം -sufi story

ഒരു ടൂറിസ്റ്റ് ഒരു സൂഫിയുടെ വീട് സന്ദർ ശിച്ചു . സൂഫിയുടെ വീട്   കണ്ട് അയാൾ അത്ഭുതപ്പെ ട്ടു വീട് ഒരു ലളിതമായ മുറിയായിരുന്...