Wednesday, February 5, 2020

കുറ്റവും ശിക്ഷയും- വിദ്യാര്‍ഥി-കോപ്പിയടിച്ചു- ശിക്ഷ

കുറ്റവും ശിക്ഷയും

“...ഞങ്ങള്‍ ഫസ്റ്റ് ഫോമില്‍ പഠിക്കുമ്പോള്‍ നടന്ന ഒരു സംഭവം കൂടി പറയാം. ഒരു പരീക്ഷാ ദിവസം തേഡ് ഫോമില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ഥി പരീക്ഷക്ക് കോപ്പിയടിച്ചു. പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്നത് ടി.പി. തോമസ്‌ സാറാണ്. കോപ്പിയടിക്കുന്നത് സാറിന്‍റെ ശ്രദ്ധയില്‍പ്പെട്ടില്ല. എന്നാല്‍ ഇന്‍സ്പെക്ഷനു വന്ന ഹെഡ്മാസ്റ്റര്‍ അവനെ ‘തൊണ്ടി സഹിതം’ പിടികൂടി. ഹെഡ്മാസ്റ്റര്‍ ഉടന്‍ തന്നെ ശിക്ഷ വിധിച്ചു. സ്കൂള്‍ അസംബ്ലി വിളിച്ചുകൂട്ടി തെറ്റു ചെയ്ത വിദ്യാര്‍ഥിയെ ശിക്ഷിക്കണം. ചൂരലുകൊണ്ടുള്ള ആറടിയായിരുന്നു അന്നത്തെ വലിയ ശിക്ഷ. കുറ്റവാളി ശിക്ഷയേറ്റു വാങ്ങുവാന്‍ ഹാജരാക്കപ്പെട്ടു. എന്നാല്‍ ഈ നിര്‍ദേശത്തെ തോമസ്‌ സാര്‍ ശക്തമായി എതിര്‍ത്തു. ‘അവന്‍ തെറ്റു ചെയ്തതിന് കാരണക്കാരന്‍ ഞാനാണ്. ഞാന്‍ എന്‍റെ ജോലി ശരിയായി നിര്‍വഹിച്ചിരുന്നെങ്കില്‍ അവന്‍ കോപ്പിയടിക്കില്ലായിരുന്നു. അതുകൊണ്ട് അവനു വിധിച്ച ശിക്ഷ എനിക്കു നല്‍കണം’.

സ്കൂള്‍ മുഴുവനും ആ വാക്കുകേട്ട് ഞെട്ടി. ഹെഡ്മാസ്റ്ററും സഹാധ്യാപകരും തോമസ്‌ സാറിനെ അനുനയിപ്പിച്ചു നോക്കിയെങ്കിലും സാറ് തീരുമാനത്തില്‍ നിന്നു പിന്മാറിയില്ല. ഒടുവില്‍ ഹെഡ്മാസ്റ്റര്‍ തോമസ്‌ സാറിന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി. തെറ്റു ചെയ്ത വിദ്യാര്‍ഥിയെ ചൂണ്ടി ഹെഡ്മാസ്റ്റര്‍  പറഞ്ഞു. “ഇവന്‍ ചെയ്ത കുറ്റത്തിന് ഇപ്പോള്‍ തോമസ്‌ സാറിനെ ശിക്ഷിക്കുന്നതാണ്.”

തോമസ്‌ സാര്‍ ഹെഡ്മാസ്റ്ററെ തിരുത്തി: “ആ കുട്ടി ചെയ്ത കുറ്റത്തിന് എന്നെ ശിക്ഷിക്കുകയല്ല; ഞാന്‍ ചെയ്ത തെറ്റിനാണ്‌ എന്നെ ശിക്ഷിക്കുന്നത്.” ഇങ്ങനെ പറഞ്ഞിട്ട് ഹെഡ്മാസ്റ്ററിനു മുമ്പില്‍ കൈനീട്ടി നിന്നു. ഹെഡ്മാസ്റ്റര്‍ സാറിന്‍റെ കൈയില്‍ ആദ്യത്തെ അടി കൊടുത്തു. ആ അടിയില്‍ സ്കൂളുമുഴുവന്‍ വേദനിച്ചു. ആ വിദ്യാര്‍ഥി കരഞ്ഞുകൊണ്ട് ഹെഡ്മാസ്റ്ററിന്റെ മുമ്പില്‍ മുട്ടുകുത്തി പറഞ്ഞു; “ഇനി സാറിനെ അടിക്കരുത്.” എന്നിട്ട് തോമസ്‌ സാറിന്‍റെ കാലില്‍ കെട്ടിപ്പിടിച്ചുകൊണ്ടു പറഞ്ഞു: “ഞാന്‍ ചെയ്തത് തെറ്റായിപ്പോയി. സാറിന്‍റെ കൈയില്‍ അടികൊണ്ടപ്പോള്‍ എന്‍റെ ചങ്കു തകര്‍ന്നുപോയി. തോറ്റാലും ഇനി ഞാന്‍ കോപ്പിയടിക്കില്ല.”
ഇതു കണ്ടപ്പോള്‍ ഹെഡ്മാസ്റ്റര്‍ ഉള്‍പ്പെടെ അവിടെയുണ്ടായിരുന്നവരുടെ മുഴുവന്‍ കണ്ണുനിറഞ്ഞു. കുറ്റത്തെപ്പറ്റിയും ശിക്ഷയെപ്പറ്റിയും ഞാനുള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഒരു പുതിയ അറിവും അനുഭവവും പകര്‍ന്നു തന്ന സംഭവമായിരുന്നു അത്....”

ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്തയുടെ ആത്മകഥയിലെ “കുറ്റവും ശിക്ഷയും” എന്ന അധ്യായത്തില്‍ നിന്നുള്ള വരികളാണിത്. മൂല്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തികാണിച്ചു തരാനും പഠിപ്പിച്ചു തരാനും ഇത്തരം മഹാ ഗുരുക്കള്‍ ഇല്ലാതെ പോയതാണ് പുതിയ കാലത്തിന്‍റെ ഏറ്റവും വലിയ നിര്‍ഭാഗ്യം.

No comments:

Post a Comment

ഞാൻ സന്ദർശകൻ മാത്രം -sufi story

ഒരു ടൂറിസ്റ്റ് ഒരു സൂഫിയുടെ വീട് സന്ദർ ശിച്ചു . സൂഫിയുടെ വീട്   കണ്ട് അയാൾ അത്ഭുതപ്പെ ട്ടു വീട് ഒരു ലളിതമായ മുറിയായിരുന്...