Friday, February 7, 2020

'മുറിവുകൾ’



'മുറിവുകൾ’ എന്ന ആത്മകഥയിൽ സൂര്യ കൃഷ്ണമൂർത്തി ഒരു അച്ഛന്‍റെയും മകന്‍റെയും കഥ പറയുന്നുണ്ട്‌. 

രണ്ടാൾക്കും പരസ്‌പരം വലിയ ഇഷ്‌ടമാണ്‌. പിരിഞ്ഞിരിക്കാനാവാത്തത്ര വലിയ കൂട്ടുകെട്ട്‌. ചങ്ങാതിമാരെപ്പോലെ ഒന്നിച്ച്‌ നടക്കും. 

പക്ഷേ, അച്ഛനൊരു മുന്‍കോപിയാണ്‌. ദേഷ്യം വന്നാല്‍ മകനോടു ക്രൂരമായി പെരുമാറും. 

അങ്ങനെയിരിക്കെ അയാളൊരു പുതിയ കാറു വാങ്ങി. വലിയ വിലയുള്ള സുന്ദരമായ ആ കാര്‍ വീട്ടിലേക്ക്‌ ആദ്യമായി കൊണ്ടുവന്ന ദിവസം അച്ഛനും മകനും കാറില്‍ കയറി യാത്രക്കൊരുങ്ങി. 

ആ സമയത്താണ്‌ കൈയില്‍ കിട്ടിയ ഒരു ഇരുമ്പു കമ്പി കൊണ്ട്‌ മകന്‍ പുത്തന്‍കാറില്‍ എന്തോ കുത്തിവരച്ചത്‌. 

അച്ഛന്‌ കോപം അരിച്ചുകയറി.
 ദേഷ്യം കൊണ്ട്‌ നിലമറന്ന അയാള്‍ കിട്ടിയ മരക്കമ്പെടുത്ത്‌ മകനെ തുരുതുരാ മര്‍ദിച്ചു. കടുത്ത വേദന കൊണ്ട്‌ പുളഞ്ഞ ആ കുഞ്ഞ്‌ അലറി വിളിച്ചു. കലിയടങ്ങുന്നതു വരെ അച്ഛന്‍ മകനെ തല്ലിച്ചതച്ചു. 

പിന്നെയാണ്‌ അറിയുന്നത്‌, ആ കടുത്ത മര്‍ദനം കാരണം കുഞ്ഞിന്‍റെ വിരലുകള്‍ ഒടിഞ്ഞുപോയിരിക്കുന്നുവെന്ന്‌!

 ഡോക്‌ടറെ കാണിച്ചിട്ടും ഫലമുണ്ടായില്ല. വലതു കൈയിലെ നാലു വിരലുകള്‍ക്കും ഇനി സ്വാധീനമുണ്ടാവില്ലെന്ന്‌ ഡോക്‌ടര്‍ ഉറപ്പിച്ചുപറഞ്ഞത്‌ ഞെട്ടലോടെയാണ്‌ ആ പിതാവ്‌ കേട്ടത്‌. 

ഉറ്റ ചങ്ങാതിയെപ്പോലെ തന്‍റെ കൈപ്പിടിച്ച്‌ നടന്നിരുന്ന കുഞ്ഞിന്‍റെ വിരലുകളോര്‍ത്ത്‌ അയാള്‍ തേങ്ങിക്കരഞ്ഞു. ആരും കാണാതിരിക്കാന്‍ കാറിനുള്ളില്‍ കയറി പൊട്ടിക്കരയുന്നതിനിടെയാണ്‌ ആ കാഴ്‌ച കണ്ടത്‌.

 ഇരുമ്പുകമ്പി കൊണ്ട്‌ മകന്‍ കാറില്‍ എഴുതിവെച്ചത്‌ ഇങ്ങനെയായിരുന്നു: 

 I love my pappa 

അന്യോന്യം മനസ്സിലാക്കുന്നിടത്തു വരുന്ന പോരായ്‌മയുടെ ദുരന്തമാണിത്‌. ഒരു നിമിഷത്തെ തെറ്റിദ്ധാരണ പോലും ഒരായുസ്സിന്‍റെ വേദനയായ നിരവധി സംഭവങ്ങള്‍ നമുക്കോര്‍മയുണ്ട്‌. 

ധൃതിയിലെടുക്കുന്ന പല നിലപാടുകളും തീരാത്ത ദുരന്തങ്ങളെ സമ്മാനിച്ചതിനും നിരവധി അനുഭവങ്ങള്‍ നമ്മുടെ മുന്നിലുണ്ട്‌.
 പലരെയും തിരിച്ചറിയുന്നിടത്ത്‌ സംഭവിച്ച അബദ്ധങ്ങള്‍ പിന്നെയും നമ്മെ മുറിപ്പെടുത്തിക്കൊണ്ടിരിക്കും. 

നമ്മെ സ്‌നേഹിക്കുന്നവരെ തിരിച്ചറിയാതിരിക്കലാണ്‌ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമെന്ന്‌ ഒരിക്കല്‍ നാം തിരിച്ചറിയുക തന്നെ ചെയ്യും.

ഒരു നിമിഷത്തേക്കു പോലും ഒരാളോടും വെറുപ്പ്‌ തോന്നാതെ കഴിയാന്‍ നമുക്കാവട്ടെ. 

ആരെയും വെറുക്കാതെ ഉറങ്ങാനും പുലരാനും ജീവിക്കാനുമായാല്‍ അതു തന്നെയാണ്‌ മികച്ച ആരാധന.

വെറുപ്പുകൊണ്ട്‌ ഒന്നും നേടുന്നില്ല.

സ്‌നേഹം കൊണ്ട്‌ പലതും നേടാനാകും.

No comments:

Post a Comment

ഞാൻ സന്ദർശകൻ മാത്രം -sufi story

ഒരു ടൂറിസ്റ്റ് ഒരു സൂഫിയുടെ വീട് സന്ദർ ശിച്ചു . സൂഫിയുടെ വീട്   കണ്ട് അയാൾ അത്ഭുതപ്പെ ട്ടു വീട് ഒരു ലളിതമായ മുറിയായിരുന്...