സമര്‍പ്പണം
ക്ഷേത്രനിര്‍മ്മാണം നടന്നുകൊണ്ടിരുന്ന ഒരു ഗ്രാമത്തില്‍ ഒരു വിദേശ ടൂറിസ്റ്റെത്തി .
കാഴ്ചകള്‍ കണ്ടു നടക്കവേ ക്ഷേത്രത്തിനുള്ളില്‍ തന്‍റെ ജോലിയില്‍ വ്യാപൃതനായിരിക്കുന്ന ഒരു ശില്‍പ്പിയെ അദ്ദേഹം കണ്ടു .
ശില്‍പ്പി ഏകാഗ്രതയോടെ ഒരു വിഗ്രഹം കൊത്തിയുണ്ടാക്കുകയായിരുന്നു . അയാളുടെ പ്രവൃത്തികള്‍ കൗതുകപൂര്‍വ്വം നോക്കിനില്‍ക്കവേ പെട്ടെന്ന് ശില്‍പ്പി നിര്മ്മിച്ചുകൊണ്ടിരിക്കുന്നതി നു സമാനമായ മറ്റൊരു ശില്‍പം തൊട്ടടുത്തു തന്നെ കിടക്കുന്നത് ടൂറിസ്റ്റിന്‍റെ ശ്രദ്ധയില്‍പ്പെട്ടു ..... !
'' താങ്കള്‍ ഒരേ പോലെയുള്ള രണ്ടു ശില്‍പ്പങ്ങള്‍ നിര്‍മ്മിച്ചു കൊണ്ടിരിക്കുകയാണല്ലേ ..... ?
ടൂറിസ്റ്റ് ചോദിച്ചു .
മുഖമുയര്‍ത്തി നോക്കിക്കൊണ്ട് ശില്‍പ്പി പറഞ്ഞു - '' ഒരു ശില്‍പ്പം മതി , പക്ഷെ ആദ്യം ഉണ്ടാക്കിയതില്‍ അവസാന മിനുക്കുപണികള്‍ നടത്തിക്കൊണ്ടിരിക്കെ ചെറിയൊരു കേട് സംഭവിച്ചു പോയി ''.
ശില്‍പ്പത്തിനു സംഭവിച്ച കേടുപാടെന്താണെന്നു കണ്ടുപിടിക്കാനുള്ള കൗതുകത്തോടെ താഴെ കിടക്കുന്ന ശില്‍പത്തെ അടിമുടി സൂക്ഷമായി പരിശോധിച്ചെങ്കിലും ശില്‍പ്പി പറഞ്ഞതുപോലെയുള്ള കുഴപ്പങ്ങളൊന്നും അതില്‍ കണ്ടെത്താന്‍ ടൂറിസ്റ്റിനു
സാധിച്ചില്ല ..... !
'' പക്ഷെ ഈ ശില്‍പ്പത്തിനെന്തു കുഴപ്പമാണ് സംഭവിച്ചത് ..... ? ''
തോല്‍വി സമ്മതിച്ച ഭാവത്തില്‍ , തെല്ലാശ്ചര്യത്തോടെ ടൂറിസ്റ്റ് ചോദിച്ചു .
'' ശില്‍പ്പത്തിന്‍റെ മൂക്കില്‍ ഒരു പോറലുണ്ടായിട്ടുണ്ട് '' .
ടൂറിസ്റ്റിനു നേരെ നോക്കാതെ തന്‍റെ ജോലിയില്‍ വ്യാപൃതനായി .
'' എവിടെയാണ് നിങ്ങളീ ശില്‍പ്പം സ്ഥാപിക്കാനുദ്ദേശിക്കുന്നത് ...... ? ''
'' അതാ ആ സ്തൂപത്തിനു മുകളില്‍ ''. അല്‍പ്പമകലെ സ്ഥിതിചെയ്യുന്ന ഏകദേശം ഇരുപതടി ഉയരമുള്ള കല്‍സ്തൂപം ചൂണ്ടിക്കാണിച്ച് ശില്‍പ്പി പറഞ്ഞു .
'' അത്രയും ഉയരത്തില്‍ സ്ഥാപിക്കുന്ന ശില്‍പ്പത്തിന്‍റെ മൂക്കിലെ ഒരു നേര്‍ത്ത പോറല്‍ ആരാണറിയാന്‍ പോകുന്നത് ....... ? '' ടൂറിസ്റ്റ് ചോദിച്ചു.
ശില്‍പ്പി ജോലി നിര്‍ത്തി അയാളെ നോക്കി .
ഒരു പുഞ്ചിരിയോടെ പറഞ്ഞു - '' മറ്റാരും അറിഞ്ഞില്ലെങ്കിലും ഞാന്‍ അറിയുമല്ലോ ..... ? ''
സമര്‍പ്പണം എന്നത് നമ്മുടെയുള്ളിന്‍റെയുള്ളില്‍ അന്തര്‍ലീനമായ ആഗ്രഹമായിരിക്കണം .
ഒരിക്കലും ബാഹ്യമായ നിബന്ധനകളായിരിക്കരുത് .
നമ്മുടെ പ്രവൃത്തികള്‍ മറ്റുള്ളവരുടെ ശ്രദ്ധയാകര്‍ഷിക്കുവാനല്ല . മറിച്ച് നമ്മുടെ ആത്മസംതൃപ്തിക്കും കഴിവിന്‍റെ പൂര്‍ത്തീകരണത്തിനുമായിരിക്കണം.
അപ്പോള്‍ പൂര്‍ണ്ണത , ചുറ്റുമുള്ളവരുടെ അനുമോദനങ്ങളെക്കാള്‍ , നമ്മുടെ മനസ്സിനുള്ളില്‍ സംതൃപ്തി നിറഞ്ഞ ഒരു വികാരമായി നിറയുന്നത് അനുഭവിച്ചറിയാം.... !!!
No comments:
Post a Comment