Friday, January 31, 2020

മഞ്ഞളെന്ന മാന്ത്രിക മരുന്ന്.

മഞ്ഞളെന്ന മാന്ത്രിക മരുന്ന്.


"അഞ്ജനമെന്തെന്നെനിക്കറിയാം, അത് മഞ്ഞളുപോലെ വെളുത്തിരിക്കും" 
എന്നു പറഞ്ഞതുപോലെയാണ് നമ്മിൽ മിക്കവർക്കും മഞ്ഞളിനെക്കുറിച്ചുള്ള അറിവ്. നമ്മുടെ  നാടിന് മറ്റേതുനാടുകളേക്കാളും  ചില 'അനുഗ്രഹങ്ങൾ' കൂടുതലുണ്ട്. മഞ്ഞൾ അതിനൊരുദാഹരണമാണ്. ആര്യവേപ്പ്, കുരുമുളക് തുടങ്ങിയ ധാരാളം ഉദാഹരണങ്ങൾ വേറെയുണ്ട്.
 ഇങ്ങനെയൊക്കെയാണെങ്കിലും, മഞ്ഞളിനെ ശരിക്കറിഞ്ഞവർ എത്രപേരുണ്ട് എന്നെനിക്ക് സംശയമുണ്ട്. അതിനെന്തൊക്കെയോ ഗുണങ്ങളുണ്ടെന്നല്ലാതെ, അതൊരു മഹാത്ഭുതമാണെന്ന് ഞാനറിഞ്ഞത് അടുത്തയിടെയാണ്. 
അതിനുശേഷം ഞാൻ മഞ്ഞളിനെ ആദരവോടെയാണ് കാണുന്നത്.
കഴിഞ്ഞവർഷം മുതൽ പ്രിയഭാര്യ തീവ്ര മഞ്ഞൾ കൃഷിയുടെ പാതയിലാണ്. എന്നാൽ ഈ വർഷമാണ് കാലാകാലമായി നമ്മൾ മഞ്ഞൾ ഉണക്കുന്ന രീതി വളരെ തെറ്റാണെന്ന് മനസ്സിലായത്.
മഞ്ഞൾ നാം കൂടുതലും ഉപയോഗിക്കുന്നത് കറികളിൽ ഒരു രുചി/നിറ സംവർദ്ധക വസ്തുവായിട്ടു മാത്രമാണ്, അതിന് മഞ്ഞൾ എങ്ങിനെയുണക്കിയാലും കുഴപ്പമില്ല. എന്നാൽ മഞ്ഞളിന്റെ അത്ഭുതകരമായ ഗുണവിശേഷങ്ങൾ(therapeutic) ലഭിക്കണമെങ്കിൽ മഞ്ഞളിന് അതിന്റെ മാന്ത്രിക ശക്തി നൽകുന്ന കുർകുമിൻ (Curcumin) എന്ന ആൽക്കലോയിഡ് അതിൽ ആവശ്യത്തിനുണ്ടായിരിക്കണം. എന്നാൽ പരമ്പരാഗത രീതിയിൽ തിളച്ചവെള്ളത്തിലിട്ട് പുഴുങ്ങിയുണക്കുന്ന രീതിയിൽ മഞ്ഞളിലെ 55-60 % വരെ കുർകുമിൻ നഷ്ടപ്പെടുമെന്ന് കണ്ടെത്തി. പകരം ആവിയിൽ പുഴുങ്ങിയാൽ 10% നഷ്ട്ടമേയുണ്ടാകൂ. ഏറ്റവും നല്ലത് പച്ചയ്ക്കരിഞ്ഞുണക്കുന്നതാണ്. പക്ഷേ അത് ബുദ്ധിമുട്ടും, ഉണങ്ങാൻ ദിവസങ്ങളെടുക്കുന്ന രീതിയുമായതിനാൽ കൂടിയ അളവിൽ ചെയ്യുക എളുപ്പമല്ല.
അങ്ങിനെയെങ്കിൽ ഇക്കൊല്ലം ആ പുതിയ അറിവൊന്നു പരീക്ഷിച്ചുനോക്കാൻ തന്നെ തീരുമാനിച്ചു. ഈ വർഷം കിട്ടിയ മഞ്ഞൾ മുഴുവനും ആവിയിൽ പുഴുങ്ങി ഉണക്കി പൊടിച്ചു.
അത് പൊടിച്ചതിനുശേഷം തൃശൂരിലെ ഒരു പ്രമുഖ സൂപ്പർമാർക്കറ്റിൽ നിന്ന്  വാങ്ങിയ, സാധാരണ മഞ്ഞൾപ്പൊടിയെക്കാൾ അനേകമടങ്ങു വിലകൂടിയ ഓർഗാനിക് മഞ്ഞൾപ്പൊടിയുമായി താരതമ്യം ചെയ്തുനോക്കി.
നിറം: ആവിയിൽ പുഴുങ്ങിയുണക്കിയ മഞ്ഞൾപ്പൊടിക്ക് ഓറഞ്ചു നിറമാണ് - മഞ്ഞയല്ല (ചിത്രത്തിൽ നോക്കുക)
ഗന്ധം: ആവിയിൽ പുഴുങ്ങിയുണക്കിയ മഞ്ഞൾപ്പൊടിക്ക് രൂക്ഷമായ ഗന്ധമാണ്(pungent smell)
രുചി: ആവിയിൽ പുഴുങ്ങിയുണക്കിയ മഞ്ഞൾപ്പൊടിക്ക് കത്തുന്ന രുചിയാണ്, അതല്പം ചേർത്താൽപ്പോലും തിരിച്ചറിയാം.
ഇതിൽനിന്നൊക്കെ ഞങ്ങൾ മനസ്സിലാക്കിയത് ഇതുവരെ കഴിച്ചിരുന്നത് വെറും 'ചണ്ടി'യായിരുന്നു, അതുകൊണ്ടാണ് മഞ്ഞളിന്റെ തെളിയിക്കപ്പെട്ട ഗുണങ്ങൾ ഒന്നും അനുഭവവേദ്യമാകാതിരുന്നത്. അതിന്റെകൂടെയാണ് മഞ്ഞൾപ്പൊടിയിൽ ചേർക്കുന്നുവെന്ന് പറയപ്പെടുന്ന ലെഡ് ക്രോമേറ്റ്, മെറ്റാനിൽ യെല്ലോ എന്ന ഘോരവിഷങ്ങളുണ്ടാക്കുന്ന പ്രശ്നങ്ങളും.
ഞങ്ങളുടെ അനുഭവത്തിൽ ഏതുബ്രാൻഡ്‌ മഞ്ഞൾപ്പൊടി വാങ്ങിയാലും (ഈയ്യിടെ അഗ്രിക്കൾച്ചർ യൂണിവേഴ്സിറ്റിയിൽ പോയപ്പോൾ അവിടെ ജൈവമഞ്ഞൾപ്പൊടി വിൽക്കാൻ വച്ചിരിക്കുന്നത് കണ്ട് ഇതെങ്ങനെയാണ് ഉണക്കുന്നതെന്ന് ചോദിച്ചപ്പോൾ പരമ്പരാഗത രീതിയിൽ പുഴുങ്ങിയുണക്കുകയാണെന്നാണ് പറഞ്ഞത്. കുർകുമിൻ നഷ്ടത്തെക്കുറിച്ചു അവർക്കറിയില്ല എന്നുമാണ് പറഞ്ഞത്) അതെല്ലാം പരമ്പരാഗത രീതിയിൽ പുഴുങ്ങി ഉണക്കുന്നതായതുകൊണ്ട് മായമില്ലെങ്കിൽക്കൂടിയും വലിയ ഗുണമുണ്ടാകില്ല. കാരണം പലതാണ് 
1 ) മഞ്ഞളിലെ കുർകുമിൻ 60 % വരെ നഷ്ട്ടമാക്കിയ ശേഷമുള്ളതാണ് ലഭിക്കുന്നത്.
2 ) മഞ്ഞളിൽനിന്ന് കുർകുമിൻ ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവ് വളരെക്കുറവാണ്.
ഇതിനെയൊക്കെ മറികടക്കാനുള്ള വഴികളുമുണ്ട്. ഒന്നാമതായി മഞ്ഞൾ ആവിയിൽ പുഴുങ്ങി ഉണക്കിപ്പൊടിക്കുക. രണ്ടാമതായി മഞ്ഞളിന്റെകൂടെ എല്ലായ്‌പ്പോഴും കുരുമുളകും ഉപയോഗിച്ചിരിക്കണം. കാരണം കുരുമുളകിലെ piperine എന്ന ആൽക്കലോയിഡിന് ശരീരത്തിന്റെ കുർകുമിൻ ആഗിരണത്തെ 2000 മടങ്ങുവരെ കൂട്ടാൻ പറ്റുമത്രെ!!
blood-brain barrier കടന്ന് നേരെ തലച്ചോറിലെത്താൻ കഴിവുള്ള ചുരുക്കം രാസസംയുക്തങ്ങളിലൊന്നാണ് കുർകുമിൻ. അതുകൊണ്ടിത്  അൽഷൈമേഴ്‌സ് രോഗത്തിന് സഹായകമാകും എന്നുകണ്ടെത്തിയിട്ടുണ്ട്. കൂടാതെ ശരീരത്തിന് സംഭവിക്കുന്ന പ്രശ്നങ്ങളായ chronic inflammation, oxidative damage  എന്നീ തീവ്രപ്രശ്നങ്ങൾക്ക് മഞ്ഞൾ തെളിയിക്കപ്പെട്ട പരിഹാരവുമാണ്.
അതുകൊണ്ട് സാധിക്കുമെങ്കിൽ കുറച്ചു പച്ചമഞ്ഞൾ വാങ്ങി, ആവിയിൽ പുഴുങ്ങി ഉണക്കിപ്പൊടിച്ചുപയോഗിക്കുക. കുരുമുളക് ചേർത്തുപയോഗിക്കാൻ മറക്കരുത് എന്നുകൂടി ഓർമ്മിപ്പിക്കുന്നു.

No comments:

Post a Comment

ഞാൻ സന്ദർശകൻ മാത്രം -sufi story

ഒരു ടൂറിസ്റ്റ് ഒരു സൂഫിയുടെ വീട് സന്ദർ ശിച്ചു . സൂഫിയുടെ വീട്   കണ്ട് അയാൾ അത്ഭുതപ്പെ ട്ടു വീട് ഒരു ലളിതമായ മുറിയായിരുന്...