Friday, January 24, 2020

'ഓർമ്മയുടെ അറകൾ'

വൈക്കം മുഹമ്മദ്‌ ബഷീറിന്റെ 'ഓർമ്മയുടെ അറകൾ' എന്ന കഥയിൽ നിന്ന്

"കിട്ടന്‍ ഈഴവനാണ്. കിട്ടച്ചോകോന്‍ എന്നാണ് ആളുകള്‍ വിളിക്കാറ്. എനിക്കോര്‍മ്മവയ്ക്കുമ്പോള്‍ കിട്ടന്റെ വായില്‍ പല്ലുകളൊന്നുമില്ല. പത്തെഴുപതില്‍ക്കൂടും വയസ്സ്. രണ്ടു ആണ്‍മക്കളും രണ്ടു പെണ്‍മക്കളും അവരുടെ കുട്ടികളും ചേര്‍ന്ന് ഇരുപത്തഞ്ചു സെന്റ് സ്ഥലത്ത് ഒരു ചെറിയ വീട്ടിലാണ് ആ വൃദ്ധന്‍ താമസിക്കുന്നത്.

ഒരു പൊതുമാന്യനാണ് കിട്ടന്‍. ചുറ്റുവട്ടമുള്ള മുസ്ലിം വീടുകളില്‍ കല്യാണങ്ങള്‍ക്കു പന്തലിടുക, സദ്യകള്‍ക്ക് സഹായിക്കുക. മൊത്തത്തില്‍ ഏതാവശ്യത്തിനും കിട്ടനുണ്ടാകും. കിട്ടന്റെ വീടിനു നേരെ മുമ്പില്‍ ഒരു എഴുപത് സെന്റ് തെങ്ങുംപറമ്പുണ്ട്. അത് എന്റെ ഉമ്മയുടെ ബാപ്പായുടെ വകയായിരുന്നു. വീതത്തില്‍ അത് എന്റെ ഉമ്മായ്ക്കു കിട്ടി. ആ പറമ്പിന്റെ മൂലയ്ക്ക് ഒരു കാഞ്ഞിരമരമുണ്ട്. കാഞ്ഞിരത്തിനു ചുറ്റും തൊണ്ടിപ്പഴമുണ്ടാകുന്ന കാട്. കാഞ്ഞിരത്തിന്റെ ചുവട്ടില്‍ കരിങ്കല്ലില്‍ കൊത്തിയ സര്‍പ്പം, മറ്റു ചില വിഗ്രഹങ്ങളും. മാസത്തിലോ ആഴ്ചയിലോ ഒരിക്കല്‍ കിട്ടന്‍ ആ കാഞ്ഞിരച്ചുവട്ടില്‍ ചെന്ന് വിഗ്രഹങ്ങള്‍ക്കടുത്ത് വിളക്കുവെച്ച് പൂജ നടത്തും. ഇതു പതിവാണ്.
അങ്ങനെയിരിക്കുമ്പോള്‍ ഒരാള്‍ വന്ന് കാഞ്ഞിരത്തിനു വില പറഞ്ഞു. ഉമ്മ പറഞ്ഞു:

”അതിപ്പ വില്ക്കണ്ട. കിട്ടച്ചോകോന്‍ അതിന്റെ ചുവട്ടിലു പൂജ നടത്തൊന്നൊണ്ട്.”

”നിങ്ങളുടെ പറമ്പല്ലേ? നിങ്ങളുടെ മരവും?”

”അതെ, എന്നാലും… കിട്ടച്ചോകോന് എന്റെ ബാപ്പാനക്കാണ പ്രായോണ്ട്.”

”നിങ്ങള്‍ പൂജയില്‍ വിശ്വസിക്കുന്നുണ്ടോ?”

ബാപ്പാ പറഞ്ഞു:

”ഇല്ല. പക്ഷേ, മറ്റുള്ളവരുടെ വിശ്വാസത്തെ മാനിക്കാന്‍ വിധിയൊണ്ട്.”

”അങ്ങനെ ആ കാഞ്ഞിരം മുറിച്ചുള്ള വില്പന പോയി. കാലം കുറെ കഴിഞ്ഞപ്പോള്‍ കിട്ടന്‍ മരിച്ചു. കിട്ടന്റെ ശവം കിട്ടന്റെ ജനനസ്ഥലത്ത് ദൂരെ വീട്ടില്‍ കൊണ്ടുപോയി ദഹിപ്പിച്ചു. പിന്നീട് പൂജ നടന്നോ എന്നാരും ശ്രദ്ധിച്ചില്ല. ഒരു ദിവസം മാധവി (കിട്ടന്റെ ഭാര്യ) വന്ന് ഉമ്മായോടു പറഞ്ഞു:

”കൊച്ചമ്മോ, ആ കാഞ്ഞിരം മുറിച്ചു വില്‍ക്കാത്തതെന്താ? നല്ല വില കിട്ടുകില്ലേ?”

”അപ്പ അവിടെ പൂജ നടത്തണ്ടേ?”

”വേണ്ട കൊച്ചമ്മോ, കിട്ടച്ചോകോന്‍ മരിക്കാന്‍ കെടക്കുമ്പ കാഞ്ഞിരച്ചോട്ടിലൊള്ളത് എടുത്തുമാറ്റാന്‍ പറഞ്ഞു. ഞങ്ങളതെല്ലാം എടുത്തു ഞങ്ങട മാഞ്ചോട്ടില്‍ വെച്ചു. മരിക്കുന്നതിനു മുമ്പ് കിട്ടച്ചോകോന്‍ നിങ്ങളെയൊക്കെ അനുഗ്രഹിച്ചു.”

വിഷം തുപ്പുന്ന മലീമസ സംസ്കാരത്തിന്റെ കാലത്ത്‌ ഈ കഥ നിങ്ങളുമായ്‌ പങ്കുവെക്കാതെ പോകുന്നത്‌ പാപമായിത്തീരും

No comments:

Post a Comment

ഞാൻ സന്ദർശകൻ മാത്രം -sufi story

ഒരു ടൂറിസ്റ്റ് ഒരു സൂഫിയുടെ വീട് സന്ദർ ശിച്ചു . സൂഫിയുടെ വീട്   കണ്ട് അയാൾ അത്ഭുതപ്പെ ട്ടു വീട് ഒരു ലളിതമായ മുറിയായിരുന്...