Tuesday, January 28, 2020

ഉള്ളിലുള്ളത് പുറത്തുവരും

ഉള്ളിലുള്ളത് പുറത്തുവരും

ഒരു സന്യാസി ഒരിക്കൽ ഒരു തെരുവിലൂടെ കടന്നു പോവുകയായിരുന്നു.ദിവ്യനായ ആ സന്യാസിയെ കണ്ട് ആബാലവൃദ്ധജനം സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ സന്യാസിയ്ക്ക് ചുറ്റും കൂടി  

 നടന്നു വരികയായിരുന്ന ആ സന്യാസിക്ക് ഫലമൂലാദികൾ നൽകിയും ജലം നൽകിയും ഇരിക്കുവാൻ വൃത്തിയുള്ള പീഢം നൽകിയും അവർ ആദരിച്ചു 
 പല സംശയങ്ങൾക്കും സന്യാസി ഉത്തരം നൽകി... തുടർന്നും ജനത്തിന് സംശയങ്ങൾ തീർന്നിരുന്നില്ല... സന്യാസി ചോദ്യങ്ങൾക്കെല്ലാം തുടർച്ചയായി ഉത്തരങ്ങൾ നൽകി കൊണ്ടിരുന്നു.
 ജനക്കൂട്ടത്തിനിടയിൽ നിന്നും ഒരാൾ ചോദിച്ചു

 സ്വാമി എന്ത് കൊണ്ടാണ് ചിലർ ക്ഷിപ്രകോപികളും അക്രമകാരികളും ചീത്ത വാക്കുകൾ പറയുന്നവരുമായിരിക്കുന്നത്. 

 സന്യാസി ആ സംശയം ചോദിച്ചയാളെ സമീപത്തേക്ക് വിളിച്ചു. 

 അൽപം മുമ്പ് സന്യാസിക്ക് കൊടുക്കുവാൻ കൊണ്ടുവന്ന വെള്ളം നിറഞ്ഞ പാത്രവും അയാൾ വശം ഉണ്ടായിരുന്നു. 

 സന്യാസി ആ മനുഷ്യന്റെ കൈയിലിരിക്കുന്ന ജലം നിറഞ്ഞ പാത്രത്തിൽ നോക്കി ചോദിച്ചു നിങ്ങളുടെ നേരെ ഒരാൾ വന്ന് ശരീരത്തിലിടിക്കുകയോ നിങ്ങളുടെ കൈയ്യിൽ പിടിച്ചുലയ്ക്കുകയോ ചെയ്താൽ നിങ്ങളുടെ കൈയ്യിലെ പാത്രത്തിലുള്ള ജലം നിലത്ത് വീഴില്ലേ എന്താ കാരണം 

 സന്യാസിയുടെ ചോദ്യത്തിന് ആ മനുഷ്യൻ നിഷ്കളങ്കമായി മറുപടി പറഞ്ഞു 

 അപരൻ എന്റെ നേർക്ക് വന്നിടിച്ചതിനാലും എന്റെ കൈയ്യിൽ പിടിച്ച് കുലുക്കിയതിനാലുമാണ് എന്റെ കൈവശമിരുന്ന പാത്രത്തിലെ ജലം താഴെ തൂവിപോയത്.

 സന്യാസി പറഞ്ഞു 
 ഉത്തരം തെറ്റാണ്

 സന്യാസി  തുടർന്നു 
 നിങ്ങളുടെ കൈകൾക്കുള്ളിലുള്ള പാത്രത്തിൽ ജലം ഉണ്ടായിരുന്നതിനാൽ മാത്രമാണ് 
ആ പാത്രത്തിലെ ജലം മണ്ണിൽ തൂവിപ്പോയത്

 സന്യാസി തുടർന്നു 
 നിങ്ങളുടെ പാത്രത്തിൽ ജലമുള്ളതിനാലാണ് അത് ബാഹ്യസമ്മർദ്ദത്താൽ  തൂവിപ്പോയത്

 എന്താണോ നിങ്ങളുടെ പാത്രത്തിനുള്ളിലുള്ളത് 
 അത് മാത്രമേ തുളുമ്പി പുറത്ത് പോവുകയുള്ളു 

 എന്ത് ബാഹ്യസമ്മർദ്ദമുണ്ടായാലും 
 നിങ്ങളുടെ കൈവശമുള്ള പാത്രത്തിലില്ലാത്തതൊന്നും തുളുമ്പി പോവില്ല

 സന്യാസി തുടർന്നു 

 ജീവിതവും ഇതുപോലാണ് 

 ജീവിതത്തിൽ പലപ്പോഴും വലിയ സംഘർഷങ്ങളോ ഉലയ്ക്കലുകളോ സംഭവിക്കുമ്പോൾ 
( സംഭവിക്കാതിരിക്കട്ടെ) എന്താണോ നിങ്ങൾക്കുള്ളിലുള്ളത് അത് സ്വാഭാവികമായും പുറത്തേക്ക് വരും 
 എത്ര ബോധപൂർവം ശ്രമിച്ചാലും 
 അപ്രകാരം സംഭവിച്ചേ പറ്റൂ .

 അതിനാൽ നാം സ്വയം ചോദിച്ചു നോക്കൂ

 എന്റെ ജീവിതമാകുന്ന പാത്രത്തിൽ
 ഞാൻ നിറയെ സൂക്ഷിച്ചിട്ടുള്ളതെന്താണ്.
 എന്റെ ജീവിതത്തിലെ സമ്മർദ്ദങ്ങൾക്കിടയിലും പ്രയാസങ്ങൾക്കിടയിലും ഞാൻ എപ്രകാരമാണ്പ്ര തികരിക്കുന്നത്
എന്താണ് എന്നിൽ നിന്നും പുറത്തേക്ക് വരുന്നത്.

 സന്തോഷം
 സമാധാനം
 കരുണ
 മനുഷത്വം
 മഹത്തായ കാര്യങ്ങൾ

 അതോ!

 ദേഷ്യം
 ശത്രുത 
 പരുക്കൻ ഭാഷകൾ 
 മറ്റ് കഠിന പ്രതികരണങ്ങൾ 

 നിങ്ങൾ ചിന്തിച്ച് നോക്കൂ!
 എന്തായിരിക്കാം ഇപ്രകാരം സംഭവിക്കാൻ കാരണം 

 നമുക്കിന്നു മുതൽ നമ്മുടെ ജീവിത പാത്രത്തിൽ 
 സ്നേഹവും
 ദയയും
 സഹാനുഭൂതിയും
 ക്ഷമയും
 സന്തോഷവും 
 പരസ്പര ബഹുമാനവും സൂക്ഷിച്ച് 
 മനസ്സിൽ നന്മയുള്ളവരായി തീരാം

 മേൽപ്പറഞ്ഞവയാൽ നിറഞ്ഞ
 മനസ്സാകുന്ന പാത്രത്താൽ നമുക്ക് ജീവിക്കാം.

 അങ്ങനെ നമുക്ക് നമ്മെതന്നെയും 
 തുടർന്ന് അപരനേയും
 സ്നേഹിച്ച് തുടങ്ങാം....

 അപ്പോൾ സമയം സന്ധ്യയായി തുടങ്ങിയിരുന്നു.

 എല്ലാവരോടും യാത്ര പറഞ്ഞ്
 സന്യാസിയാത്ര തുടർന്നു.

No comments:

Post a Comment

ഞാൻ സന്ദർശകൻ മാത്രം -sufi story

ഒരു ടൂറിസ്റ്റ് ഒരു സൂഫിയുടെ വീട് സന്ദർ ശിച്ചു . സൂഫിയുടെ വീട്   കണ്ട് അയാൾ അത്ഭുതപ്പെ ട്ടു വീട് ഒരു ലളിതമായ മുറിയായിരുന്...